LiveTV

Live

Kerala

മരട് ഫ്ലാറ്റുടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രിം കോടതി

പ്രാഥമികമായി 25 ലക്ഷം രൂപ നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു

 മരട് ഫ്ലാറ്റുടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രിം കോടതി

മരടിലെ ഫ്ലാറ്റുടമകള്‍ക്ക് സര്‍ക്കാര്‍ 25 ലക്ഷം വീതം പ്രാഥമിക നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രിം കോടതി . ഈ തുക സര്‍ക്കാര്‍ ഫ്ലാറ്റ് നിര്‍മാതാക്കളില്‍ നിന്ന് ഈടാക്കണമെന്ന് ഉത്തരവിട്ട കമ്മിറ്റി,നഷ്ടപരിഹാരം കണക്കാക്കാന്‍ മുന്നംഗ സമതിയെ യും നിയോഗിച്ചു.നഷ്ടപരിഹാരം ഈടാക്കുന്നത് വരെ ഫ്ലാറ്റ് നിർമാതാക്കളുടെ സ്വത്തുക്കൾ കൈമാറ്റം ചെയ്യുന്നത് കോടതി വിലക്കി. 90 ദിവസത്തിനകം ഫ്ലാറ്റുകള്‍ പൊളിക്കാമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം കോടതി അംഗീകരിച്ചു.

പൊളിക്കാതെ ഫ്ലാറ്റുകളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കാൻ സർക്കാർ അപേക്ഷിച്ചെങ്കിലും കോടതി വിട്ടുവീഴ്ചക്ക് തയ്യാറായില്ല. 100 കോടി രൂപ ചെലവ് വരുമെന്നായിരുന്നു സർക്കാർ വാദം. അതേസമയം ഫ്ലാറ്റുടമകളെ ദുരിതത്തിലാക്കാൻ കോടതി ആഗ്രഹിക്കുന്നില്ലെന്നാണ് ജസ്റ്റിസ് അരുൺ മിശ്ര ഹരജി പരിഗണിച്ചപ്പോഴേ വ്യക്തമാക്കി.

25 ലക്ഷത്തിന് പുറമെ ഫ്ലാറ്റുടമകൾക്ക് നൽകേണ്ട പൂർണ നഷ്ടപരിഹാരത്തുക കണക്കാക്കാൻ പ്രത്യേക കമ്മിറ്റിയെ നിശ്ചയിക്കും. ഹൈക്കോടതി റിട്ടയേഡ് ജഡ്ജി അധ്യക്ഷനാകും. സർക്കാർ നൽകുന്ന പട്ടികയിൽ നിന്ന് ഒരാളെ കോടതി തീരുമാനിക്കും. ഫ്ലാറ്റുടമകൾക്ക് താമസസൗകര്യം ഏർപ്പെടുത്തണമെന്നും കോടതി ആവശ്യപ്പെട്ടു. ഫ്ലാറ്റുകൾ പൊളിച്ചുനീക്കാൻ സർക്കാർ ആവശ്യപ്പെട്ട 138 ദിവസത്തെ സമയപരിധി സുപ്രിം കോടതി അംഗീകരിച്ചു. ഒക്ടോബർ 11ന് പൊളിക്കൽ ആരംഭിക്കുമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു.

ഫ്ലാറ്റ് നിർമാതാക്കൾക്കെതിരെ കടുത്ത നടപടിയാണ് കോടതി നിർദേശിച്ചത്. നഷ്ടപരിഹാരം ഈടാക്കുന്നത് വരെ ഇവരുടെ സ്വത്തുക്കളുടെ കൈമാറ്റം കോടതി തടഞ്ഞു. മരട് മുനിസിപ്പാലിറ്റിയിൽ മാത്രം 291 അനധികൃത നിർമാണങ്ങളുണ്ടെന്ന് സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ കോടതി വ്യക്തമാക്കി. നാല് മാസത്തിനകം സംസ്ഥാനത്തെ മൊത്തം അനധികൃത നിർമാണങ്ങൾ കണ്ടെത്തുമെന്നും സർക്കാർ അറിയിച്ചു.