LiveTV

Live

Kerala

മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിന് വെബ് കാസ്റ്റിങ് സംവിധാനമുണ്ടാകില്ല

മണ്ഡലത്തില്‍ വ്യാപകമായി കള്ളവോട്ട് നടന്നുവെന്നാരോപിച്ചാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന്‍ കോടതിയെ സമീപിച്ചിരുന്നത് 

മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിന് വെബ് കാസ്റ്റിങ് സംവിധാനമുണ്ടാകില്ല

മഞ്ചേശ്വരത്ത് ഉപതെരഞ്ഞെടുപ്പിന് വെബ് കാസ്റ്റിങ് സംവിധാനമുണ്ടാകില്ലെന്ന് ജില്ലാ കലക്ടര്‍ . മണ്ഡലത്തില്‍ വ്യാപകമായി കള്ളവോട്ട് നടന്നുവെന്നാരോപിച്ചാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന്‍ കോടതിയെ സമീപിച്ചിരുന്നത്. മണ്ഡലത്തിലേക്കുള്ള ചെക്ക് പോസ്റ്റുകളില്‍ പരിശോധന കര്‍ശനമാക്കുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.

മരിച്ചവരുടെ പേരിലടക്കം വോട്ട് ചെയ്ത് കൃത്രിമം കാട്ടിയെന്നാരോപിച്ചായിരുന്നു കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം സുരേന്ദ്രൻ കോടതിയെ സമീപിച്ചത്. 89 വോട്ടുകള്‍ക്കായിരുന്നു സുരേന്ദ്രന്‍ പരാജയപ്പെട്ടതും. എന്നാൽ ഇത്തവണ മഞ്ചേശ്വരത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുമ്പോൾ 198 പോളിങ് ബൂത്തികളിൽ ഒന്നിലും വെബ്കാസ്റ്റിങ് സംവിധാനമില്ല. പ്രശ്നബാധിത ബൂത്തുകളില്ലാത്തതിനാലാണ് തെരഞ്ഞെടുപ്പിൽ വെബ് കാസ്റ്റിങ് ഇല്ലാത്തതെന്ന് വരണാധികാരിയായ ജില്ലാ കലക്ടർ ഡി. സജിത്ത് ബാബു പറഞ്ഞു.

കള്ളവോട്ട് നടക്കില്ലെന്നുറപ്പ് വരുത്തുമെന്നും , കർണാടകയുമായി അതിർത്തി പങ്കിടുന്ന മണ്ഡലമായതിനാൽ മണ്ഡലത്തിലെ 9 ചെക്ക് പോസ്റ്റുകളിലും പരിശോധന കർശനമാക്കുമെന്നും ജില്ലാ കലക്ടർ അറിയിച്ചു. മണ്ഡലത്തിൽ 42 പ്രശ്ന സാധ്യതാ ബൂത്തുകളാണുള്ളത്.ഈ ബൂത്തുകളിൽ കൂടുതൽ പോലീസുകാരെ വിന്യസിക്കും.നിലവിൽ പ്രസിദ്ധീകരിച്ച വോട്ടർ പട്ടിക പ്രകാരം 2 ലക്ഷത്തി 12 ആയിരത്തി 86 വോട്ടർമാരാണ് ആകെയുള്ളത്. വോട്ടർ പട്ടികയിൽ പുതുതായി പേര് ചേര്‍ക്കുന്നതിന് 4533 അപേക്ഷയും പേര് നീക്കം ചെയ്യുന്നതിനായി 670 അപേക്ഷകളും ലഭിച്ചിട്ടുണ്ട്. അന്തിമ വോട്ടർ പട്ടിക സെപ്തംബർ 30ന് പ്രസിദ്ധീകരിക്കും.