LiveTV

Live

Kerala

അഗതി മന്ദിരത്തിൽ വൃദ്ധക്കും മകൾക്കും മർദനമേറ്റ സംഭവം ഗൗരവതരമെന്ന് വനിതാ കമ്മീഷൻ

സംഭവത്തിന്റെ പശ്ചാത്തലത്തിൽ എറണാകുളത്തെ അഗതി മന്ദിരങ്ങളിൽ സാമൂഹ്യക്ഷേമ വകുപ്പ് ഓഡിറ്റിങ്ങ് നടത്തണമെന്നും വനിതാ കമ്മീഷൻ അഭിപ്രായപ്പെട്ടു.

അഗതി മന്ദിരത്തിൽ വൃദ്ധക്കും മകൾക്കും മർദനമേറ്റ സംഭവം ഗൗരവതരമെന്ന് വനിതാ കമ്മീഷൻ

കൊച്ചി പള്ളുരുത്തിയിലെ അഗതി മന്ദിരത്തിൽ വൃദ്ധക്കും മകൾക്കും മർദനമേറ്റ സംഭവം ഗൗരവതരമെന്ന് സംസ്ഥാന വനിതാ കമ്മീഷൻ. സംഭവത്തിന്റെ പശ്ചാത്തലത്തിൽ എറണാകുളത്തെ അഗതി മന്ദിരങ്ങളിൽ സാമൂഹ്യക്ഷേമ വകുപ്പ് ഓഡിറ്റിങ്ങ് നടത്തണമെന്നും വനിതാ കമ്മീഷൻ അഭിപ്രായപ്പെട്ടു. കേസിൽ അറസ്റ്റിലായ സൂപ്രണ്ട് അൻവർ ഹുസൈനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു.

അഗതി മന്ദിരത്തിലെ അന്തേവാസിയായ യുവതിയെയും അമ്മയെയും സൂപ്രണ്ട് മർദ്ദിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. മാനസിക വെല്ലുവിളി നേരിടുന്ന മകളെ അനധികൃതമായി പണി എടുപ്പിച്ചത് ചോദ്യം ചെയ്യാൻ എത്തിയപ്പോഴാണ് ഇവർക്ക് മർദ്ദനമേറ്റത്. സംഭവത്തെ തുടർന്ന് അഗതി മന്ദിരത്തിലെ സൂപ്രണ്ട് അൻവർ ഹുസൈനെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

സ്വമേധയാ കേസെടുത്ത വനിതാ കമ്മീഷൻ അഗതി മന്ദിരത്തിലെത്തി മൊഴി രേഖപ്പെടുത്തി. സംഭവത്തിന്റെ പശ്ചാത്തലത്തിൽ സാമൂഹ്യക്ഷേമ വകുപ്പ് അഗതി മന്ദിരങ്ങളിൽ ഓഡിറ്റിങ് നടത്തണമെന്നും കമ്മീഷൻ വ്യക്തമാക്കി. വിഷയത്തിൽ ജില്ലാ കലക്ടർ കൊച്ചി കോർപറേഷനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.