LiveTV

Live

Kerala

ടി.ഒ സൂരജിനെ വീണ്ടും ചോദ്യം ചെയ്തു

മൂവാറ്റുപുഴ സബ് ജയിലിലെത്തിയാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ ചോദ്യം ചെയ്തത്

ടി.ഒ സൂരജിനെ വീണ്ടും ചോദ്യം ചെയ്തു

പാലാരിവട്ടം പാലം അഴിമതി കേസിൽ പൊതുമരാമത്ത് വകുപ്പ് മുൻ സെക്രട്ടറി ടി.ഒ സൂരജിനെ വിജിലൻസ് സംഘം വീണ്ടും ചോദ്യം ചെയ്തു. അഴിമതിയിൽ രാഷ്ട്രീയ നേതൃത്വത്തിന്റെ പങ്കിനെ കുറിച്ച് ടി.ഒ സൂരജ് ഉന്നയിച്ച ആരോപണങ്ങളിൽ വ്യക്തത വരുത്താനാണ് ചോദ്യം ചെയ്തത്.

മൂവാറ്റുപുഴ സബ് ജയിലിലെത്തിയ വിജിലൻസ് സംഘം രാവിലെ 11 മണിയോടെയാണ് ചോദ്യം ചെയ്യൽ ആരംഭിച്ചത്. ഡി.വൈ.എസ്.പി ആർ അശോക് കുമാറിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ. കേസിൽ മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിന്റെയും റോഡ് ആൻറ് ബ്രിഡ്ജസ് കോർപ്പറേഷൻ മുൻ എം.ഡി മുഹമ്മദ് ഹനീഷിന്റെയും പങ്കിനെക്കുറിച്ചുള്ള ആരോപണം ഹൈക്കോടതിയിലടക്കം ടി.ഒ സൂരജ് ആവർത്തിച്ചിരുന്നു. കരാറിലില്ലാതിരുന്നിട്ടും 8.25 കോടി രൂപ മുൻകൂർ നൽകിയതും പലിശ ഒഴിവാക്കാൻ മന്ത്രി ശിപാർശ ചെയ്തുവെന്ന ആരോപണത്തിലും ടി.ഒ സൂരജ് നിർണായകമായ വിവരങ്ങൾ കൈമാറിയതായാണ് സൂചന.

അതേസമയം ജാമ്യാപേക്ഷയിൽ മന്ത്രിക്കെതിരായി സൂരജ് ഉന്നയിച്ച വാദങ്ങൾ തള്ളുന്ന നിലപാടായിരുന്നു വിജിലൻസ് കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ സ്വീകരിച്ചത്. ഇത് വിവാദമായതോടെ നിലപാട് തിരുത്തി സത്യവാങ്മൂലം നൽകുമെന്ന് വിജിലൻസ് അറിയിച്ചിരുന്നു. സൂരജിനെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരങ്ങൾ കൂടി ഉൾപ്പെടുത്തി പാലം അഴിമതിയിൽ രാഷ്ട്രീയ നേതാക്കളുടെ പങ്കിനെക്കുറിച്ചുള്ള പരാമർശങ്ങളോടെ വിജിലൻസ് നാളെ ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കും.