LiveTV

Live

Kerala

മഞ്ചേശ്വരത്തെ ലീഗ് സ്ഥാനാർഥിയെ ഇന്ന് പ്രഖ്യാപിക്കും: പട്ടികയിലുള്ളത് രണ്ട് പേര്‍

എം.സി ഖമറുദ്ദീൻ, എ.കെ.എം അഷ്റഫ് എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്.

മഞ്ചേശ്വരത്തെ ലീഗ് സ്ഥാനാർഥിയെ ഇന്ന് പ്രഖ്യാപിക്കും: പട്ടികയിലുള്ളത് രണ്ട് പേര്‍

മഞ്ചേശ്വരത്തെ ലീഗ് സ്ഥാനാർഥിയെ ഇന്ന് പ്രഖ്യാപിക്കും. എം.സി ഖമറുദ്ദീൻ, എ.കെ.എം അഷ്റഫ് എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. യുവനേതാവിനെ സ്ഥാനാര്‍ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് നേതാക്കള്‍ ഹൈദരലി തങ്ങളെ കണ്ടു.

ഉന്നതാധികാര സമിതി കാസർകോട്ടെ ഭാരവാഹികളുമായി ഇന്നലെ തന്നെ ചർച്ചകൾ പൂർത്തിയാക്കിയിരുന്നു. ജില്ലാ നേതൃത്വം എം.സി ഖമറുദ്ദീനെയും മഞ്ചേശ്വരം ഭാരവാഹികൾ എ.കെ.എം അശ്റഫിനെയുമാണ് നിർദേശിച്ചത്. ഒരു ഘട്ടത്തിൽ മഞ്ചേശ്വരത്തുകാർ സംസ്ഥാന അധ്യക്ഷന്റെ വസതിക്ക് മുന്നിൽ പരസ്യ പ്രതികരണവുമായി രംഗത്ത് വരികയും ചെയ്തു. എന്നാൽ തർക്കങ്ങളൊന്നുമില്ലെന്നും സ്ഥാനാർഥിയെ ഇന്ന് തന്നെ പ്രഖ്യാപിക്കുമെന്നും കെ.പി.എ മജീദ് പറഞ്ഞു.

ഇതിനിടെ യൂത്ത് ലീഗ് സംസ്ഥാന ഭാരവാഹികൾ ഹൈദരലി തങ്ങളുമായി കൂടിക്കാഴ്ച നടത്തി. സ്ഥാനാർഥി പ്രഖ്യാപനത്തിൽ യൂത്ത് ലീഗിനെ കൂടി പരിഗണിക്കണമെന്ന ആവശ്യം പാർട്ടിയെ അറിയിച്ചിട്ടുണ്ടെന്നും നേതൃത്വത്തിന്റെ തീരുമാനം അംഗീകരിക്കുമെന്നും മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു.

അതേസമയം സ്ഥാനാർഥി ചർച്ചകൾക്കിടെ സംസ്ഥാന അധ്യക്ഷന്റെ വസതിക്ക് മുന്നിൽ പ്രതിഷേധിച്ച മഞ്ചേശ്വരം യൂത്ത് ലീഗ് ഭാരവാഹികൾക്കെതിരെ കൂടിയാലോചനകള്‍ക്ക് ശേഷം നടപടിയുണ്ടാകുമെന്ന് യൂത്ത് ലീഗ് പ്രതിനിധികള്‍ വ്യക്തമാക്കി.