LiveTV

Live

Kerala

മരട് ഫ്ലാറ്റുകള്‍ പൊളിക്കാനുള്ള നടപടി തുടങ്ങി; വൈദ്യുതിയും വെള്ളവും വിച്ഛേദിക്കും

നോട്ടീസ് അനുസരിച്ച് ഫ്ലാറ്റുകളിലെ വൈദ്യുതിയും വെള്ളവും 27ന് തന്നെ വിച്ഛേദിക്കുമെന്ന് നഗരസഭ ചെയർപെഴ്സണ്‍ അറിയിച്ചു.

മരട് ഫ്ലാറ്റുകള്‍ പൊളിക്കാനുള്ള നടപടി തുടങ്ങി; വൈദ്യുതിയും വെള്ളവും വിച്ഛേദിക്കും

ഫ്ലാറ്റുകള്‍ പൊളിക്കാനുള്ള നടപടി തുടങ്ങിയതായി നഗരസഭ സെക്രട്ടറിയുടെ ചുമതലയുള്ള സബ് കലക്ടർ സ്നേഹിൽ കുമാർ. നോട്ടീസ് അനുസരിച്ച് ഫ്ലാറ്റുകളിലെ വൈദ്യുതിയും വെള്ളവും 27ന് തന്നെ വിച്ഛേദിക്കുമെന്ന് നഗരസഭ ചെയർപെഴ്സണ്‍ അറിയിച്ചു. ശക്തമായ സമരം നടത്താനാണ് ഫ്ലാറ്റ് ഉടമകളുടെ തീരുമാനം.

ഫ്ലാറ്റ് പൊളിക്കൽ നടപടികൾ വേഗത്തിലാക്കുന്നതിന് തദ്ദേശ സ്വയംഭരണ വകുപ്പ് ചീഫ് എൻജിനീയറുടെ നേതൃത്വത്തിലുള്ള വിദഗ്ധരുടെ സഹായം തേടുമെന്ന് സ്നേഹിൽ കുമാർ വ്യക്തമാക്കി. ചെന്നൈ ഐ.ഐ.ടി, കോഴിക്കോട് എൻ.ഐ.ടി, കുസാറ്റ് എന്നിവയുടെ സഹായവും തേടി. എന്ന് പൊളിക്കൽ തുടങ്ങുമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.

വെള്ളം, വൈദ്യുതി കണക്ഷനുകൾ വിഛേദിക്കാന്‍ കെ.എസ്.ഇ.ബിയും വാട്ടർ അതോറിറ്റിയും പൊലീസ് സഹായം തേടും. ഇതിനായി ഇന്ന് കത്ത് നൽകും. വെളളിയാഴ്ചക്കകം കണക്ഷൻ വിച്ഛേദിക്കാനാണ് നഗരസഭ നോട്ടീസ് നൽകിയിരിക്കുന്നത്.

അതേസമയം ഫ്ലാറ്റ് പൊളിക്കുന്നതിനെതിരെ ശക്തമായ സമരം നടത്താനൊരുങ്ങുകയാണ് ഫ്ലാറ്റ് ഉടമകൾ. പുനരധിവാസം ഉറപ്പാക്കാതെ കുടിയൊഴിപ്പിക്കാനുള്ള ശ്രമം എന്ത് വില കൊടുത്തും എതിർക്കുമെന്ന് ഫ്ലാറ്റ് ഉടമകൾ വ്യക്തമാക്കി.