LiveTV

Live

Kerala

പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മറച്ച കൂര പ്രളയത്തിൽ തകര്‍ന്നു; എന്തുചെയ്യുമെന്നറിയാതെ ചന്ദ്രനും രണ്ട് പെൺമക്കളും

ജോലിക്കിടെ കാൽമുട്ടിന് പരിക്ക് പറ്റിയ ചന്ദ്രന് ഇപ്പോൾ കൂലിപ്പണിക്ക് പോകാൻ ആകുന്നുമില്ല.

പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മറച്ച കൂര പ്രളയത്തിൽ തകര്‍ന്നു; എന്തുചെയ്യുമെന്നറിയാതെ ചന്ദ്രനും രണ്ട് പെൺമക്കളും

സ്വന്തമായൊരു വീടെന്ന സ്വപ്നവുമായി ഒരു പതിറ്റാണ്ടിലധികമായി അലയുകയാണ് വയനാട് എടഗുനി പഴന്താറ്റ് കോളനിയിലെ പുത്തൻ കളത്തിൽ ചന്ദ്രൻ. ആകെയുണ്ടായിരുന്ന പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മറച്ച കൂര പ്രളയത്തിൽ തകര്‍ന്നു പോയതോടെ ഇനിയെന്ത് ചെയ്യുമെന്നറിയാതെ ദുരിതക്കയത്തിലായിരിക്കുകയാണ് കൂലിപ്പണിക്കാരനായ ചന്ദ്രനും രണ്ട് പെൺമക്കളും.

കൽപ്പറ്റക്കടുത്ത എടഗുനി പഴന്താറ്റ് കോളനിയിൽ ഇരുമ്പുപാലം പുഴയോരത്തെ ഷെഡ്ഡിലാണ് ചന്ദ്രൻറെ മൂന്നംഗ കുടുംബം താമസിക്കുന്നത്. 10 വർഷം മുമ്പ് വീട് വെയ്ക്കാനായി സർക്കാർ നാല് സെൻറ് ഭൂമി അനുവദിച്ചിരുന്നു. പിന്നീട് ഭൂമിയുടെ രേഖയുമായി അലച്ചിൽ തുടങ്ങിയ ചന്ദ്രന് കഴിഞ്ഞ രണ്ട് വർഷം മുമ്പ് വീട് നിർമ്മാണത്തിനുള്ള തുകയുടെ ആദ്യ ഗഡുവും ലഭിച്ചിരുന്നു.

എന്നാൽ കോളനിയിലേക്ക് റോഡില്ലാത്തതിനാൽ തലച്ചുമടായി കല്ല് എത്തിച്ചു തറ കെട്ടിയപ്പോഴേക്കും പണം തീർന്നുപോയി. ലിൻറൽ പൊക്കത്തിൽ ചുമരു കെട്ടിയാൽ മാത്രമേ അടുത്ത ഗഡു പാസായി കിട്ടുകയുള്ളൂ. അതിനായി 60,000 രൂപ കൂടി വേണമെന്നാണ് കരാറുകാരൻ പറയുന്നത്. ഇതോടെ ചന്ദ്രൻ പൂർണമായും നിസ്സഹായനായി.

ജോലിക്കിടെ കാൽമുട്ടിന് പരിക്ക് പറ്റിയ ചന്ദ്രന് ഇപ്പോൾ കൂലിപ്പണിക്ക് പോകാൻ ആകുന്നുമില്ല. ഇതിനിടെ വീടിനായി തറ കെട്ടിയ സ്ഥലത്തു കൂടെ കെ.എസ്.ഇ.ബി ലൈൻ വലിച്ചതും ഇദ്ദേഹത്തിന് തിരിച്ചടിയായി.