LiveTV

Live

Kerala

ഫ്ലാറ്റ് മേഖലയിലെ തട്ടിപ്പുകള്‍ക്ക് ഒത്താശയുമായി പൊതുമേഖലാ ബാങ്കുകളും

കെ.എഫ്.സിയുടെ വായ്പയുണ്ടെന്ന് അറിയിക്കാതെ ഫ്ലാറ്റ് നിര്‍മാതാക്കള്‍ ഉപഭോക്താക്കളെ വഞ്ചിക്കുകയായിരുന്നുവെന്നാണ് പരാതി.

ഫ്ലാറ്റ് മേഖലയിലെ തട്ടിപ്പുകള്‍ക്ക് ഒത്താശയുമായി പൊതുമേഖലാ ബാങ്കുകളും

ഫ്ലാറ്റ് മേഖലയിലെ തട്ടിപ്പുകള്‍ക്ക് ഒത്താശ ചെയ്ത് പൊതുമേഖലാ ബാങ്കുകളും. കോഴിക്കോട് പെന്‍റഗണ്‍ ബില്‍ഡേഴ്സ് നിര്‍മിക്കുന്ന ഫ്ളാറ്റിന് ഇരട്ട വായ്പ ലഭിച്ചത് ചട്ടങ്ങള്‍ പാലിക്കാതെയാണ്. കെ.എഫ്.സി നല്‍കിയ വായ്പക്ക് പുറമേ ഫ്ലാറ്റിന് എസ്.ബി.ടി ഭവന വായ്പയും നല്‍കി. കെ.എഫ്.സിയുടെ വായ്പയുണ്ടെന്ന് അറിയിക്കാതെ ഫ്ലാറ്റ് നിര്‍മാതാക്കള്‍ ഉപഭോക്താക്കളെ വഞ്ചിക്കുകയായിരുന്നുവെന്നാണ് പരാതി.

പെന്‍റഗണ്‍ ബില്‍ഡേഴ്സ് കോഴിക്കോട് ബീച്ചില്‍ പണിയുന്ന സീ ഷെല്‍ അപ്പാര്‍ട്ട്മെന്‍റ്സിന് കെ.എഫ്.സി 2009ല്‍ നല്‍കിയത് അഞ്ച് കോടി രൂപയുടെ വായ്പ. ഈ അപ്പാര്‍ട്ട്മെന്‍റില്‍ ഫ്ലാറ്റ് വാങ്ങിയവര്‍ക്ക് എസ്.ബി.ടി ഭവന വായ്പയും അനുവദിച്ചു. ഒരു പ്രൊജക്ടിന് തന്നെയാണ് ഈ രണ്ട് വായ്പകളും ലഭിച്ചത്. എന്നാല്‍ കെ.എഫ്.സിയുടെ വായ്പയില്‍ നിര്‍മാതാക്കളുടെ തിരിച്ചടവ് മുടങ്ങിയതോടെ റവന്യൂ റിക്കവറി തുടങ്ങി. അപ്പോള്‍ മാത്രമാണ് ഉപഭോക്താക്കള്‍ കെ.എഫ്.സിയിലെ വായ്പയുടെ വിവരമറിയുന്നത്. കെ.എഫ്.സി വായ്പയുള്ളപ്പോള്‍ എസ്.ബി.ടിയില്‍ നിന്നും വായ്പയനുവദിച്ചതിനെ കുറിച്ച് അന്വേഷിച്ച ഉപഭോക്താക്കള്‍ക്ക് വിവരാവകാശ നിയമ പ്രകാരം ബാങ്ക് നല്‍കിയ മറുപടി കാണുക- സ്ഥലത്തിന്‍റെ ഒറിജിനില്‍ ആധാരം കണ്ടതിന് ശേഷമാണ് വായ്പ അനുവദിച്ചതെന്ന് എസ്.ബി.ടി മറുപടി നല്‍കിയിരിക്കുന്നു. എന്നാല്‍ കെ.എഫ്.സിയുടെ കൈവശമുള്ള ആധാരം എവിടെ വെച്ച് കണ്ടുവെന്ന ചോദ്യത്തിന് ബാങ്കിന് ഉത്തരമില്ല.

ഫ്ലാറ്റിന്‍റെ നിര്‍മാണ പുരോഗതിക്ക് അനുസരിച്ചാണ് ബാങ്ക് വായ്പ ഗഡുക്കളായി കൈമാറേണ്ടത്. വായ്പാ തുക അപേക്ഷകരായ ഉപഭോക്താക്കള്‍ പോലും അറിയാതെ പണി പൂര്‍ത്തിയാകും മുമ്പ് നിര്‍മാതാക്കള്‍ക്ക് ബാങ്ക് കൈമാറി. എന്നാല്‍ 2012ല്‍ കൈമാറേണ്ടിയിരുന്ന ഫ്ലാറ്റുകള്‍ ഉപഭോക്താക്കള്‍ക്ക് ഇതുവരെ കൈമാറിയിട്ടുമില്ല. എങ്കിലും ഭവനവായ്പയുടെ പലിശ ഉപഭോക്താക്കള്‍ ഇപ്പോഴും അടച്ചു കൊണ്ടിരിക്കുകയാണ്. ഉടന്‍ തന്നെ ഫ്ലാറ്റ് ഉപഭോക്താക്കള്‍ക്ക് കൈമാറുമെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്.