LiveTV

Live

Kerala

എറണാകുളത്ത് യുവസ്ഥാനാര്‍ഥി വേണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പോസ്റ്റര്‍

അധികാരത്തിലുള്ളവരും പല പ്രാവശ്യം മത്സരിച്ചവരും മാറി നില്‍ക്കണമെന്നും കൊച്ചിയില്‍ വേണ്ടത് യുവരക്തമാണെന്നും പോസ്റ്ററില്‍ പറയുന്നു

എറണാകുളത്ത് യുവസ്ഥാനാര്‍ഥി വേണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പോസ്റ്റര്‍

ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന എറണാകുളത്ത് യുവസ്ഥാനാര്‍ഥി വേണമെന്ന് ആവശ്യപ്പെട്ട് പോസ്റ്റര്‍. അധികാരത്തിലുള്ളവരും പല പ്രാവശ്യം മത്സരിച്ചവരും മാറി നില്‍ക്കണമെന്നും കൊച്ചിയില്‍ വേണ്ടത് യുവരക്തമാണെന്നും പോസ്റ്ററില്‍ പറയുന്നു.

ഇന്ന് രാവിലെയാണ് ഡി.സി.സി ഓഫീസിന് മുന്‍പിലും കൊച്ചി കോര്‍പ്പറേഷന് മുന്‍പിലും യൂത്ത് കോണ്‍ഗ്രസിന്റെ പേരിലുള്ള പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. പല പ്രാവശ്യം മത്സരിച്ചവരും നിലവില്‍ അധികാരസ്ഥാനത്തിരിക്കുന്നവരും മാറി നില്‍ക്കണമെന്നാണ് പോസ്റ്ററില്‍ പറയുന്നത്. കൊച്ചിയുടെ വികസനത്തിന് യുവരക്തം വേണമെന്നും അതിനാല്‍ യുവാക്കള്‍ക്ക് അവസരം നല്‍കണമെന്നും പോസ്റ്ററില്‍ വ്യക്തമാക്കുന്നു. നിലവില്‍ യു.ഡി.എഫില്‍ നിന്ന് പ്രധാനമായും മുന്‍ എം.പിയും കേന്ദ്രമന്ത്രിയുമായിരുന്ന കെ.വി തോമസ്, നിലവില്‍ കൊച്ചി കോര്‍പ്പറേഷന്‍ കൌണ്‍സിലറും ഡി.സി.സി അധ്യക്ഷനുമായി ടി.ജെ വിനോദ് എന്നിവരുടെ പേരുകളാണ് ഉയര്‍ന്ന് കേള്‍ക്കുന്നത്.

ഇവരെ ലക്ഷ്യം വെക്കുന്ന തരത്തിലാണ് പോസ്റ്ററിന്റെ ഉള്ളടക്കം. ഹൈബി ഈഡന്‍ എന്ന യുവ എം.എല്‍.എക്ക് പകരം ഒരു യുവാവ് തന്നെ സ്ഥാനാര്‍ഥിയായി വരണമെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ പല കോണുകളില്‍നിന്നും ആവശ്യമുയര്‍ന്നിരുന്നു. അതേസമയം പോസ്റ്ററുമായി യാതൊരു ബന്ധവുമില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റ് പറഞ്ഞു.