LiveTV

Live

Kerala

എലത്തൂരില്‍ ഓട്ടോ ഡ്രൈവര്‍ ആത്മഹത്യ ചെയ്ത സംഭവം: രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

പൊലീസ് പ്രതികളെ സംരക്ഷിക്കുകയാണെന്ന് ആരോപിച്ച് പ്രക്ഷോഭത്തിനൊരുങ്ങുകയാണ് ബി.ജെ.പി.

എലത്തൂരില്‍ ഓട്ടോ ഡ്രൈവര്‍ ആത്മഹത്യ ചെയ്ത സംഭവം: രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

കോഴിക്കോട് എലത്തൂരില്‍ ഓട്ടോ ഡ്രൈവറായ രാജേഷ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ രണ്ട് പേര്‍ കൂടി അറസ്റ്റിലായി. സി.പി.എം പ്രവര്‍ത്തകരായ റിജാഷ്, നാസിക് എന്നിവരാണ് അറസ്റ്റിലായത്. അതേസമയം പൊലീസ് പ്രതികളെ സംരക്ഷിക്കുകയാണെന്ന് ആരോപിച്ച് പ്രക്ഷോഭത്തിനൊരുങ്ങുകയാണ് ബി.ജെ.പി.

സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനത്തില്‍ മനം നൊന്ത് ഓട്ടോ ഡ്രൈവറായ രാജേഷ് ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് ഇതു വരെ ആറ് പേരാണ് അറസ്റ്റിലായിരിക്കുന്നത്. ഇവരെല്ലാം സി.പി.എം പ്രവര്‍ത്തകരാണെന്ന് പൊലീസ് പറഞ്ഞു. മുഴുവന്‍ പ്രതികളേയും ഉടന്‍ പിടികൂടുമെന്നും പൊലീസ് അറിയിച്ചു. എന്നാല്‍ ഭരണ സ്വാധീനം ഉപയോഗിച്ച് പ്രതികളെ രക്ഷപ്പെടുത്താനാണ് സി.പി.എമ്മിന്‍റെ ശ്രമമെന്ന് ബി.ജെ.പി ആരോപിക്കുന്നു. രാജേഷിന്‍റെ വീട് സന്ദര്‍ശിച്ച ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് പി.എസ് ശ്രീധരന്‍ പിള്ള പൊലീസിനെതിരെ രംഗത്തെത്തി.

എലത്തൂര്‍ ഓട്ടോ സ്റ്റാന്‍റില്‍ ഓട്ടോ ഓടിക്കുന്നത് വിലക്കിയതിനെ തുടര്‍ന്ന് രാജേഷും സി.ഐ.ടി.യു പ്രവര്‍ത്തകരുമായി നേരത്തെ തര്‍ക്കമുണ്ടായിരുന്നു. ഇതിന് പിന്നാലെ സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനമേറ്റതോടെ രാജേഷ് ഓട്ടോയില്‍ സൂക്ഷിച്ച പെട്രോളൊഴിച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രാജേഷ് കഴിഞ്ഞ ദിവസമാണ് മരിച്ചത്.