LiveTV

Live

Kerala

എറണാകുളത്തെ സ്ഥാനാർഥിത്വം; കെ.വി തോമസിന്‍റെ നീക്കങ്ങള്‍ക്ക് തിരിച്ചടി 

സ്ഥാനാർഥിയെ സംസ്ഥാന ഘടകം തീരുമാനിക്കട്ടെ എന്നാണ് ഹൈക്കമാൻഡ് നിലപാട്.

എറണാകുളത്തെ സ്ഥാനാർഥിത്വം; കെ.വി തോമസിന്‍റെ നീക്കങ്ങള്‍ക്ക് തിരിച്ചടി 

നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ എറണാകുളത്ത് സ്ഥാനാർഥിത്വം ഉറപ്പിക്കാനുള്ള മുൻ എം.പി, കെ.വി തോമസിന്റെ നീക്കങ്ങൾക്ക് തിരിച്ചടി. സ്ഥാനാർഥിയെ സംസ്ഥാന ഘടകം തീരുമാനിക്കട്ടെ എന്നാണ് ഹൈക്കമാൻഡ് നിലപാട്. പാർട്ടി ഭാരവാഹിത്വമോ യു.ഡി.എഫ് കൺവീനർ സ്ഥാനമോ നൽകണമെന്ന ആവശ്യം പരിഗണിക്കാമെന്ന് മാത്രമാണ് ഹൈക്കമാൻഡ് നല്‍കിയ മറുപടി.

നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ എറണാകുളത്ത് സ്ഥാനാർത്ഥിത്വം ഉറപ്പിക്കാൻ കെ.വി തോമസ് ഡല്‍ഹിയില്‍ ചിലവിട്ടത് രണ്ട് ദിവസമാണ്. എ, ഐ ഗ്രൂപ്പുകളുടെ പിന്തുണയില്ലാതെ സ്വന്തം നിലക്കായിരുന്നു നീക്കം. സോണിയ ഗാന്ധി, എ.കെ ആന്റണി, അഹമ്മദ് പട്ടേല്‍, മുകുള്‍ വാസ്നിക് അടക്കമുള്ളവരുമായി കെ.വി തോമസ് കൂടിക്കാഴ്ച നടത്തി. സ്ഥാനാര്‍ഥിത്വത്തില്‍ ഒരു ഉറപ്പും ഹൈക്കമാന്റ് നേതാക്കള്‍ നല്‍കിയില്ല.

സംസ്ഥാനത്തെ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കും എന്നായിരുന്നു മറുപടി. ഇതോടെ സ്ഥാനാര്‍ഥിത്വ നീക്കം വിഫലമായി. ഇനിയുള്ളത് പാര്‍ട്ടി പദവിയോ യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനമോ നല്‍കണമെന്ന ആവശ്യമാണ്. ആവശ്യം പരിഗണിക്കാമെന്ന് മാത്രമാണ് ഹൈക്കമാന്‍ഡ് മറുപടി. ഹൈബി ഈഡന്റെ നേതൃത്വത്തില്‍ ഐ ഗ്രൂപ്പ് ഹൈക്കമാന്റ് നേതാക്കളുമായി ചര്‍ച്ച നടത്തി നിലപാട് വ്യക്തമാക്കിയിരുന്നു. കെ.വി തോമസിന് സ്ഥാനാര്‍ത്ഥിത്വം നല്‍കുന്നതില്‍ കേരള നേതാക്കളടക്കമുള്ളവര്‍ക്ക് അനുകൂല നിലപാട് ഉണ്ടായിരുന്നില്ല.