LiveTV

Live

Kerala

വട്ടിയൂർക്കാവിൽ കുമ്മനവും സുരേഷും സാധ്യതാ പട്ടികയില്‍‌

കെ.സുരേന്ദ്രനെ പട്ടികയിൽ നിന്ന് ഒഴിവാക്കിയേക്കും 

 വട്ടിയൂർക്കാവിൽ കുമ്മനവും സുരേഷും സാധ്യതാ പട്ടികയില്‍‌

നിയമസഭ ഉപതെരഞ്ഞെടുപ്പിൽ ഓരോ മണ്ഡലങ്ങളിലും നാല് പേർ ഉൾപ്പെടുന്ന ബി.ജെ.പി സാധ്യത സ്ഥാനാർഥി പട്ടിക തയാറായി. വട്ടിയൂർക്കാവിൽ കുമ്മനത്തിനും കോന്നിയിൽ ശോഭ സുരേന്ദ്രനുമാണ് പ്രഥമ പരിഗണന. ഉപതെരഞ്ഞെടുപ്പ് ചർച്ച ചെയ്യാൻ വൈകിട്ട് എൻ.ഡി.എ യോഗം കൊച്ചിയിൽ ചേരും.

മത്സരിക്കാനില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുന്നതോടെ കെ. സുരേന്ദ്രന്റെ പേര് ഒഴിവാക്കിയുള്ള പട്ടിക കേന്ദ്ര നേതൃത്വത്തിന് സമർപ്പിക്കാനാണ് സാധ്യത. വട്ടിയൂർക്കാവിൽ കുമ്മനം രാജശേഖരന് പ്രഥമ പരിഗണന നൽകുന്ന ലിസ്റ്റിൽ ജില്ലാ പ്രസിഡന്റ് എസ്. സുരേഷ്, പി.കെ കൃഷ്ണദാസ്, വി.വി രാജേഷ് എന്നിവരാണ് ഇടം പിടിച്ചിട്ടുള്ളത്. മഞ്ചേശ്വരത്ത് മണ്ഡലം പ്രസിഡന്റ് സതീശൻ ഭണ്ഡാരി, ജില്ലാ പ്രസിഡന്റ് ശ്രീകാന്ത്, രവീശ തന്ത്രി കുണ്ടാർ എന്നിവരാണ് പരിഗണനയിലുള്ളത്.

കോന്നിയിൽ ശോഭ സുരേന്ദ്രന് പ്രഥമ പരിഗണന നൽകുമ്പോൾ എ.എൻ രാധാകൃഷ്ണൻ ജില്ലാ പ്രസിഡന്റ് അശോകൻ കുളനട എന്നിവരും സാധ്യത പട്ടികയിലുണ്ട്. എറണാകുളത്ത് പ്രാദേശിക നേതൃത്വത്തിന് അവസരമൊരുക്കാനാണ് തീരുമാനം. സി.ജി രാജഗോപാൽ, പത്മജാ എസ്. മേനോൻ എന്നിവരാണ് പരിഗണനയിലുള്ളത്. എൻ.ഡി.എ യോഗത്തിന് ശേഷം പട്ടിക ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന് സമർപ്പിക്കും.

അരൂർ മണ്ഡലത്തിൽ മത്സരിക്കുന്ന ബി.ഡി.ജെ.എസ് സ്ഥാനാർഥിയെ സംബന്ധിച്ചും യോഗത്തിൽ ധാരണയാകും. പാലാ ഉപതെരഞ്ഞെടുപ്പ് അവലോകനവും മുന്നണി യോഗം വിലയിരുത്തും.