LiveTV

Live

Kerala

ചേളാരിയിൽ പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തി

കുട്ടിയുടെ പിതാവിനെ ഉൾപ്പെടെ മൂന്ന് പേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

ചേളാരിയിൽ പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തി

മലപ്പുറം ചേളാരിയിൽ 12കാരിയെ പീഡിപ്പിച്ച കേസിൽ പെൺകുട്ടിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തി. മജിസ്ട്രേറ്റിന് നൽകിയ രഹസ്യമൊഴിയിൽ പുതിയ ചില കാര്യങ്ങൾ കൂടി പെൺകുട്ടി വെളിപ്പെടുത്തിയതിനെ തുടർന്നാണ് നടപടി. കുട്ടിയുടെ പിതാവിനെ ഉൾപ്പെടെ മൂന്ന് പേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

പൊലീസിന് മുന്നിൽ പെൺകുട്ടി നേരത്തെ മൊഴി നൽകിയത് പ്രകാരമാണ് പിതാവ് ഉൾപ്പെടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ ഇതിന് പുറമേ ഐ.പി.സി 164 പ്രകാരം മജിസ്ട്രേറ്റിന് മുന്നിൽ നൽകിയ രഹസ്യമൊഴിയിൽ പെൺകുട്ടി ചില കാര്യങ്ങൾ കൂടി വെളിപ്പെടുത്തിയ സാഹചര്യത്തിലാണ് വീണ്ടും പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയത്. ഇത് കേസിന് കൂടുതൽ ബലം നൽകും എന്നാണ് വിലയിരുത്തൽ.

സമഗ്രമായ അന്വേഷണത്തിന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി സി.ഡബ്ല്യു.സി ചെയർമാൻ ചർച്ച നടത്തും. വൈദ്യപരിശോധനയിൽ പെൺകുട്ടി ലൈംഗികാതിക്രമത്തിന് ഇരയായതായി കഴിഞ്ഞ ദിവസം തന്നെ ബോധ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ കേസിൽ ഉൾപ്പെട്ടിട്ടുള്ള മുഴുവൻ ആളുകളെയും കണ്ടെത്താനുള്ള ഊർജിത ശ്രമമാണ് നടക്കുന്നത്.

30ല്‍ അധികം പേർ തന്നെ പീഡിപ്പിച്ചു എന്നായിരുന്നു പെൺകുട്ടിയുടെ മൊഴി. വിഷയത്തിൽ മാതാപിതാക്കളുടെ മൊബൈൽ ഫോൺ കണ്ടെടുക്കാൻ ചൈൽഡ് ലൈൻ അധികൃതർ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുവഴി കൂടുതൽ വിവരങ്ങൾ വെളിപ്പെടുമെന്നാണ് പ്രതീക്ഷ.