LiveTV

Live

Kerala

വട്ടിയൂര്‍ക്കാവ്, അരൂര്‍ സീറ്റുകള്‍ കോണ്‍ഗ്രസിലെ എ,ഐ ഗ്രൂപ്പുകള്‍ തമ്മില്‍ വെച്ചുമാറാന്‍ സാധ്യത

കെ. മുരളീധരന്‍ തീരുമാനം അംഗീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നിലപാടും നിര്‍ണായകമാവും

വട്ടിയൂര്‍ക്കാവ്, അരൂര്‍ സീറ്റുകള്‍ കോണ്‍ഗ്രസിലെ എ,ഐ ഗ്രൂപ്പുകള്‍ തമ്മില്‍ വെച്ചുമാറാന്‍ സാധ്യത

വട്ടിയൂര്‍ക്കാവ്, അരൂര്‍ സീറ്റുകള്‍ കോണ്‍ഗ്രസിലെ എ,ഐ ഗ്രൂപ്പുകള്‍ തമ്മില്‍ വെച്ചുമാറാന്‍ സാധ്യത. പി.സി വിഷ്ണുനാഥിനെ വട്ടിയൂര്‍ക്കാവില്‍ മത്സരിപ്പിക്കാനാണ് വെച്ചുമാറ്റം എ ഗ്രൂപ്പ് മുന്നോട്ട് വെക്കുന്നത്. കെ. മുരളീധരന്‍ തീരുമാനം അംഗീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നിലപാടും നിര്‍ണായകമാവും.

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വട്ടിയൂര്‍ക്കാവ്, കോന്നി, എറണാകുളം സീറ്റുകള്‍ ഐ ഗ്രൂപ്പിന്റെതാണ്. ഇതില്‍ വട്ടിയൂര്‍ക്കാവ് ഏറ്റെടുത്ത് മുന്‍ എം.എല്‍.എയും എ.ഐ.സി.സി സെക്രട്ടറിയുമായ പി.സി വിഷ്ണുനാഥിനെ മത്സരിപ്പിക്കണമെന്ന ചര്‍ച്ച എ ഗ്രൂപ്പില്‍ ശക്തമാണ്. കെ മുരളീധരന് എ ഗ്രൂപ്പിന്റെ നിര്‍ദേശത്തോട് അനുകൂല നിലപാടാണുള്ളത്. യുവനേതാവിന് വിജസാധ്യത വര്‍ധിക്കുമെന്നും എ ഗ്രൂപ്പ് കരുതുന്നു. പി.സി വിഷ്ണുനാഥിനൊപ്പം പരിഗണിക്കാനുള്ളവരുടെ വിവരങ്ങള്‍ എ ഗ്രൂപ്പ് ശേഖരിച്ചതായാണ് സൂചന. പി.സി വിഷ്ണുനാഥ് വരുന്നതില്‍ തിരുവനന്തപുരം ജില്ലയിലെ എ ഗ്രൂപ്പിലെ പല നേതാക്കള്‍ക്കും വ്യത്യസ്ത അഭിപ്രായം ഉണ്ടെങ്കിലും ഉമ്മന്‍ചാണ്ടി നിലപാടെടുത്താല്‍ അതൊന്നും തടസമാകില്ല. എ ഗ്രൂപ്പ് മത്സരിച്ച അരൂര്‍ ഐ ഗ്രൂപ്പിന് നല്‍കാമെന്നാണ് എ ഗ്രൂപ്പ് പറയുന്നത്.

ഷാനിമോള്‍ ഉസ്മാനെ ആ സീറ്റിലേക്ക് പരിഗണിക്കാമെന്ന സാധ്യതയുമുണ്ട്. ഇത് സംബന്ധിച്ച ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും തമ്മില്‍‌ ആശയവിനിമയം നടത്തിയിട്ടില്ല. അതില്‍ രമേശ് ചെന്നിത്തല എടുക്കുന്ന നിലപാട് നിര്‍ണായകമാകും. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചെങ്ങന്നൂര്‍ സീറ്റ് ആവശ്യപ്പെട്ടെങ്കിലും നല്‍കാത്തത് ഒരു പ്രശ്നമായി ഐ ഗ്രൂപ്പിലുണ്ട്. അതേ വിഷ്ണുനാഥിനായി സീറ്റ് വെച്ചുമാറല്‍ നടക്കുമോ എന്നതു മാത്രമാണ് സംശയം. നേതാക്കള്‍ തമ്മില്‍ ധാരണയിലെത്തിയാല്‍ സീറ്റുമാറ്റം യാഥാര്‍ഥ്യമാകുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.