LiveTV

Live

Kerala

പാലാരിവട്ടം അഴിമതി: ഉന്നത നേതാക്കൾക്ക് പങ്ക്, കൈക്കൂലി വാങ്ങിയവരുടെ  പേര് വെളിപ്പെടുത്താൻ കരാറുകാരന് ഭയമെന്ന് വിജിലന്‍സ്

കരാറുകാരൻ സുമിത് ഗോയലിന് രാഷ്ട്രീയ നേതാക്കൾ ആരെല്ലാമെന്ന്‌ അറിയാം. കൈക്കൂലി വാങ്ങിയ പൊതുപ്രവർത്തകരുടെ പേര് വെളിപ്പെടുത്താൻ സുമിത് ഗോയൽ ഭയക്കുന്നുവെന്നും വിജിലന്‍സ്.

പാലാരിവട്ടം  അഴിമതി: ഉന്നത  നേതാക്കൾക്ക്  പങ്ക്, കൈക്കൂലി വാങ്ങിയവരുടെ  പേര് വെളിപ്പെടുത്താൻ കരാറുകാരന് ഭയമെന്ന് വിജിലന്‍സ്

പാലാരിവട്ടം മേൽപാലം അഴിമതിയില്‍ ഉന്നത രാഷ്ട്രീയ നേതാക്കൾക്ക് പങ്കെന്ന് വിജിലൻസ്. കരാറുകാരൻ സുമിത് ഗോയലിന് രാഷ്ട്രീയ നേതാക്കൾ ആരൊക്കെയാണെന്ന് അറിയാം. സര്‍ക്കാര്‍ പണം പാലം നിര്‍മാണത്തിന് ഉപയോഗിച്ചില്ലെന്നും വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചു.

പാലാരിവട്ടം ഫ്ലൈ ഓവര്‍ അഴിമതി കേസിലെ ഒന്നാം പ്രതിയായ ആര്‍.ഡി.എക്സ് കമ്പനിയുടെ എം.ഡി സുമിത് ഗോയലിന്‍റെ ജാമ്യാപേക്ഷയെ എതിര്‍ത്താണ് വിജിലന്‍സ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. ഗൂഢാലോചനയില്‍ പങ്കാളിയായ പ്രതിക്ക് അഴിമതിക്കാരായ ഉന്നത രാഷ്ട്രീയ നേതാക്കള്‍ ആരൊക്കെയെന്ന് അറിയാമെന്നാണ് വിജിലന്‍സ് കോടതിയെ അറിയിച്ചത്. കേരളത്തില്‍ അങ്ങോളമിങ്ങോളം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുള്ള സുമിത് ഗോയല്‍ നിരവധി പൊതുപ്രവര്‍ത്തകര്‍ക്ക് കൈക്കൂലി നല്‍കിയിട്ടുണ്ട്. കൈക്കൂലി വാങ്ങിയ പൊതുപ്രവർത്തകരുടെ പേർ വെളിപ്പെടുത്താൻ സുമിത് ഗോയൽ ഭയക്കുകയാണ്. ഉന്നത രാഷ്ട്രീയ നേതാക്കളെ ഭയന്നാണ് പേര് വെളിപ്പെടുത്താത്തതെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.

പാലം നിര്‍മാണത്തിന് മുന്‍കൂറായി അനുവദിച്ച സര്‍ക്കാര്‍ പണം പോയത് ആര്‍.ഡിഎക്സ് കമ്പനിയുടെ ബാധ്യത തീര്‍ക്കാനാണ്. പാലം നിര്‍മാണത്തിന് തുക ഉപയോഗിച്ചിട്ടില്ലെന്നും വിജിലന്‍സ് കോടതിയില്‍ വ്യക്തമാക്കി. ടി.ഒ സൂരജ് അടക്കമുള്ള നാല് പ്രതികളാണ് നിലവില്‍ കസ്റ്റഡിയിലുളളത്. കസ്റ്റഡിയിലുള്ളവര്‍ക്ക് ഗൂഢാലോചനയില്‍ പ്രധാന പങ്കുണ്ട്. അഴിമതിയുടെ സൂത്രധാരന്‍ കമ്പനി എം.ഡി സുമിത് ഗോയലാണെന്നും അതിനാല്‍ ജാമ്യം അനുവദിക്കരുതെന്നും വിജിലന്‍ ഡി.വൈ.എസ്.പി ആര്‍ അശോക് കുമാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. നാല് പ്രതികളുടെയും ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കും.