LiveTV

Live

Kerala

സംസ്ഥാനത്ത് അടുത്ത ദിവസങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത

പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ആന്ധ്ര തീരത്തിനടുത്തായി രൂപം കൊണ്ടുകൊണ്ടിരിക്കുന്ന ന്യൂനമർദമാണ് ശക്തമായ മഴക്ക് കാരണം.

സംസ്ഥാനത്ത് അടുത്ത ദിവസങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വിവിധ ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. ഹിക ചുഴലിക്കാറ്റിന്റെ സഞ്ചാര പഥത്തിൽ കേരളം ഇല്ലെങ്കിലും മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുണ്ട്.

പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ആന്ധ്ര പ്രദേശ് തീരത്തിനടുത്തായി രൂപം കൊണ്ടുകൊണ്ടിരിക്കുന്ന ന്യൂനമർദമാണ് ശക്തമായ മഴക്ക് കാരണം. ബുധനാഴ്ച തെക്കൻ കേരളത്തിലും മധ്യ കേരളത്തിലുമാണ് മഴക്ക് മുന്നറിയിപ്പ്. കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ ഒറ്റപ്പെട്ട അതിശക്തമായ മഴക്ക് സാധ്യതയുണ്ട്. മലപ്പുറം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകൾക്ക് 25ന് യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്. വ്യാഴാഴ്ച മധ്യകേരളത്തിലും വടക്കൻ കേരളത്തിലുമണ് ജാഗ്രതാ നിർദേശമുള്ളത്. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്‌, ഇടുക്കി ജില്ലകളിൽ 26ന് യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്.

യെല്ലോ അലെർട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിലെ മലയോര മേഖലകളിൽ താമസിക്കുന്നവർ പ്രത്യേകം ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു. അതേ സമയം വടക്ക് കിഴക്കൻ അറബിക്കടലിൽ രൂപം കൊണ്ട ഹികാ ചുഴലിക്കാറ്റ് കേരളത്തെ ബാധിക്കില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. എങ്കിലും അറബിക്കടലിൽ മൽസ്യബന്ധനത്തിന് പോകുന്ന മൽസ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം.