LiveTV

Live

Kerala

വോട്ടെടുപ്പ് ദിവസവും ജോസ് കെ മാണിക്കെതിരെ പരസ്യവിമര്‍ശനവുമായി ജോസഫ് വിഭാഗം

കെ.എം മാണിയുടെ തന്ത്രങ്ങളുടെ സ്ഥാനത്ത് കുതന്ത്രങ്ങളാണ് ജോസ് കെ മാണി വിഭാഗത്തെ ഭരിക്കുന്നതെന്ന് പറഞ്ഞാണ് ജോയി എബ്രഹാം ആഞ്ഞടിച്ചത്.

വോട്ടെടുപ്പ് ദിവസവും ജോസ് കെ മാണിക്കെതിരെ പരസ്യവിമര്‍ശനവുമായി ജോസഫ് വിഭാഗം

വോട്ടിങ് ദിനത്തിലും പോര് വിളിച്ച് ജോസഫ് വിഭാഗം. കെ.എം മാണിയുടെ തന്ത്രങ്ങളുടെ സ്ഥാനത്ത് കുതന്ത്രങ്ങളാണ് ജോസ് കെ മാണി വിഭാഗത്തെ ഭരിക്കുന്നതെന്ന് പറഞ്ഞാണ് ജോയി എബ്രഹാം ആഞ്ഞടിച്ചത്. പിന്നാലെ സജി മഞ്ഞകടമ്പിലും ജോസ് കെ മാണി പക്ഷത്തെ വെട്ടിലാക്കുന്ന പ്രതികരണവുമായി എത്തി.

പാലാ കനത്ത പോളിങിലേക്ക് നീങ്ങുന്നുവെന്ന സൂചനകള്‍ പുറത്ത് വന്നതിന് പിന്നാലെയായിരുന്നു ജോസഫ് ഗ്രൂപ്പ് നേതാക്കള്‍ ജോസ് കെ മാണി പക്ഷത്തിന് എതിരെ കടുത്ത വാക്ക് പോരുമായി രംഗത്ത് വന്നത്. പക്വതയില്ലാത്ത നേതൃത്വം, കുതന്ത്രങ്ങള്‍ ഭരിക്കുന്നു, രണ്ടില ചിഹ്നം നഷ്ടപ്പെടുത്തിയത് തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും, കെ.എം മാണിയുടെ പിന്തുടര്‍ച്ചാവകാശം കുടുംബത്തിനല്ല, ഇങ്ങനെ പോയി ജോയി എബ്രഹാമിന്റെ വിമര്‍ശനങ്ങള്‍.

പിന്നാലെ രണ്ടില ചിഹ്നം നഷ്ടപ്പെടുത്തിയത് ഭൂരിപക്ഷത്തെ ബാധിക്കുമെന്നും അതിന് കാരണക്കാരന്‍ ജോസ് കെ മാണി പക്ഷമാണെന്നും പറഞ്ഞ് സജി മഞ്ഞകടമ്പിലും ആക്രമണത്തിന് മൂർച്ച കൂട്ടി. എല്ലാത്തിനും യു.ഡി.എഫില്‍ പരാതി നല്‍കുമെന്നായിരുന്നു ജോസ് കെ മാണി പക്ഷത്തിന്റെ നിലപാട്. എന്നാല്‍ താന്‍ ആരുടേയും പേര് പറഞ്ഞിട്ടില്ലെന്നും മാണി സാറിന്റെ തന്ത്രങ്ങളും കുശാഗ്രബുദ്ധിയുമാണ് തങ്ങള്‍ അനുകരിക്കുന്നതെന്നുമായിരുന്നു ഇതിനോടുള്ള ജോയി എബ്രഹാമിന്റെ പ്രതികരണം.