LiveTV

Live

Kerala

ആലി മുസ്‌ലിയാരെ ‘ഏറ്റെടുത്ത്’ മാവോയിസ്റ്റുകൾ; പാണ്ടിക്കാട്ട് ഗറില്ലായുദ്ധ അനുസ്മരണം

ബ്രിട്ടീഷ് ഭരണത്തിനും ബ്രിട്ടീഷ് അനുകൂലികളായ ജന്മിമാർക്കുമെതിരെ 1921-ൽ നടന്ന മലബാർ കലാപത്തിന്റെ നേതൃസ്ഥാനം വഹിച്ചിരുന്നത് ഇസ്ലാം മതപണ്ഡിതനായിരുന്ന ആലി മുസ്ലിയാർ ആയിരുന്നു. 

ആലി മുസ്‌ലിയാരെ ‘ഏറ്റെടുത്ത്’ മാവോയിസ്റ്റുകൾ; പാണ്ടിക്കാട്ട് ഗറില്ലായുദ്ധ അനുസ്മരണം

സ്വാതന്ത്ര്യ സമരസേനാനിയും ബ്രിട്ടീഷ് വിരുദ്ധ പോരാളിയുമായ ആലി മുസ്‌ലിയാരെ 'ഏറ്റെടുത്ത്' മാവോയിസ്റ്റ് സംഘടനകൾ. മാവോയിസ്റ്റ് അനുകൂല സംഘടനയായ 'പുരോഗമന യുവജന പ്രസ്ഥാനം' സംഘടിപ്പിക്കുന്ന പാണ്ടിക്കാട് ഗറില്ലായുദ്ധ അനുസ്മരണ പരിപാടിയുടെ പോസ്റ്ററിലാണ് ആലി മുസ്‌ലിയാരുടെ ഫോട്ടോ ഉപയോഗിച്ചിരിക്കുന്നത്. 'പോരാട്ടം' സംസ്ഥാന കൗൺസിൽ ചെയർമാൻ എം.എൻ രാവുണ്ണി ഇന്ന് (സെപ്തംബർ 23) വൈകുന്നേരം അഞ്ചു മണിക്ക് നടക്കുന്ന പരിപാടി ഉദ്ഘാടനം ചെയ്യും.

ബ്രിട്ടീഷ് ഭരണത്തിനും ബ്രിട്ടീഷ് അനുകൂലികളായ ജന്മിമാർക്കുമെതിരെ 1921-ൽ നടന്ന മലബാർ കലാപത്തിന്റെ നേതൃസ്ഥാനം വഹിച്ചിരുന്നത് ഇസ്ലാം മതപണ്ഡിതനായിരുന്ന ആലി മുസ്ലിയാർ ആയിരുന്നു. ഇന്ത്യയിൽ ആദ്യമായി ബ്രിട്ടീഷ് സൈന്യത്തെ തോൽപ്പിച്ച് ഒരു പ്രവിശ്യയുടെ സ്വാതന്ത്ര്യവും സ്വയംഭരണവും പ്രഖ്യാപിച്ചത് ആലി മുസ്ലിയാരുടെ നേതൃത്വത്തിലായിരുന്നു. പൊന്നാനി, വള്ളുവനാട്, ഏറനാട്, കോഴിക്കോട് താലൂക്കുകൾ കേന്ദ്രീകരിച്ച് നിലവിൽ വന്ന സ്വതന്ത്ര രാജ്യത്തിന്റെ ഭരണാധികാരിയായി ചുമതലയേറ്റ അദ്ദേഹത്തെ പിന്നീട് ബ്രിട്ടീഷ് സൈന്യം വെടിവെച്ചു കൊല്ലുകയാണുണ്ടായത്.

മലബാർ കലാപത്തിനിടെ 1921 സെപ്തംബർ 23-നാണ് പാണ്ടിക്കാട്ട് ബ്രിട്ടീഷ് സൈന്യത്തിനെതിരെ ഗറില്ലാ യുദ്ധം അരങ്ങേറിയത്. ഇതിന്റെ അനുസ്മരണമാണ് പുരോഗമന യുവജന പ്രസ്ഥാനം സംഘടിപ്പിക്കപ്പെടുന്നത്. ഉദ്ഘാടകനായ എം.എൻ രാവുണ്ണി നിരവധി തീവ്ര കമ്മ്യൂണിസ്റ്റ് പാർട്ടികളിൽ പ്രവർത്തിക്കുകയും തലശ്ശേരി പൊലീസ് സ്റ്റേഷൻ ആക്രമണം, കോങ്ങാട്ട് ജന്മി ഉന്മൂലനം തുടങ്ങിയ കേസുകളിൽ ശിക്ഷിക്കപ്പെട്ടയാളാണ്. നിലവിൽ മുന്നളിപ്പോരാളി മാസികയുടെ പത്രാധിപരും പോരാട്ടം സംസ്ഥാന കൗൺസിൽ ചെയർമാനുമാണ്.