LiveTV

Live

Kerala

എറണാകുളം സീറ്റിന് അവകാശവാദവുമായി കെ.വി തോമസ് ഡല്‍ഹിയില്‍  

എതിർവാദങ്ങളുമായി ഹൈബി ഈഡൻ എം.പിയും ഡൽഹിയിൽ ഹൈകമാന്‍ഡ് നേതാക്കളെ കാണും.

എറണാകുളം സീറ്റിന് അവകാശവാദവുമായി കെ.വി തോമസ് ഡല്‍ഹിയില്‍  

എറണാകുളം ഉപതെരഞ്ഞെടുപ്പില്‍ കോൺഗ്രസില്‍ സീറ്റ് തർക്കം മുറുകുന്നു. സീറ്റിന് അവകാശവാദം ഉന്നയിച്ച് ഡൽഹിയിലെത്തിയ മുൻ എം.പി കെ.വി തോമസ് സോണിയാ ഗാന്ധി അടക്കമുള്ള നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. എതിർവാദങ്ങളുമായി ഹൈബി ഈഡൻ എം.പിയും ഡൽഹിയിൽ ഹൈകമാന്‍ഡ് നേതാക്കളെ കാണും.

അധ്യക്ഷ സോണിയ ഗാന്ധി, പ്രവർത്തക സമിതി അംഗം എ.കെ ആന്റണി, മുതിർന്ന നേതാക്കളായ അഹമ്മദ് പട്ടേൽ, സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക് അടക്കമുള്ള നേതാക്കളെയാണ് കെ.വി തോമസ് കാണുന്നത്. നാളെയും കൂടിക്കാഴ്ചകൾ തുടരും.

ലോക്സഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിന് പിന്നാലെ പാർട്ടിയിൽ അർഹമായ പരിഗണന നൽകുമെന്ന് കെ.വി തോമസിന് സോണിയ ഗാന്ധി ഉറപ്പ് നൽകിയിരുന്നു. സീറ്റിന് അവകാശവാദമുന്നയിച്ചിട്ടില്ലെന്നും ചർച്ചകളിൽ വിഷയം ഉയർന്നു വന്നാൽ അഭിപ്രായം അറിയിക്കുമെന്നും കെ.വി തോമസ് പ്രതികരിച്ചു.

സ്ഥാനാർത്ഥിത്വത്തിലേക്ക് യുവനേതാക്കളെ പരിഗണിക്കണമെന്ന ആവശ്യം ഉന്നയിച്ച് ഹൈബി ഈഡൻ എം.പിയും ഡൽഹിയിൽ ഹൈക്കമാൻഡ് നേതാക്കളെ കാണുന്നുണ്ട്. എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടിയും ഡൽഹിലുണ്ട്. ആന്ധ്ര പ്രദേശ് പി.സി.സി അധ്യക്ഷ പദം സംബന്ധിച്ച ചർച്ചക്കാണ് എത്തിയതെങ്കിലും സ്ഥാനാർഥിത്വ ചർച്ചയും ഉണ്ടാകും.

ഐ ഗ്രൂപ്പിന്റെ ഉറച്ച സീറ്റായതിനാൽ ഡി.സി.സി പ്രസിഡന്‍റ് ടി.ജെ വിനോദിനാണ് സ്ഥാനാർത്ഥിത്വ സാധ്യത ഏറെ. എ ഗ്രൂപ്പിൽ നിന്ന് മുന്‍ മേയര്‍ ടോണി ചമ്മിണിയുടെ പേര് ഉയർന്നിട്ടുണ്ടെങ്കിലും നിലവിൽ പരിഗണിക്കേണ്ടതില്ലെന്നാണ് കോൺഗ്രസ് തീരുമാനം.