LiveTV

Live

Kerala

ഫേസ് ബുക്ക് ലൈവിന്‍റെ പേരില്‍ യുവാവിനെ ജയിലില്‍ അടച്ച സംഭവം: നീതി തേടി കുടുംബം പരാതി നല്‍കി

ആശുപത്രിയിലുണ്ടായ വാക്ക് തര്‍ക്കം ഫേസ് ബുക്കില്‍ ലൈവ് നല്‍കിയതിന് യുവാവിനെ ജയിലിലടച്ച സംഭവത്തില്‍ നീതി തേടി കുടുംബം ജില്ലാ കലക്ടര്‍ക്ക് പരാതി നല്കി.

 ഫേസ് ബുക്ക് ലൈവിന്‍റെ പേരില്‍ യുവാവിനെ ജയിലില്‍ അടച്ച സംഭവം: നീതി തേടി കുടുംബം പരാതി നല്‍കി

ചികിത്സ വൈകിയതിന്‍റെ പേരില്‍ ആശുപത്രിയിലുണ്ടായ വാക്ക് തര്‍ക്കം ഫേസ് ബുക്കില്‍ ലൈവ് നല്‍കിയതിന് യുവാവിനെ ജയിലിലടച്ച സംഭവത്തില്‍ നീതി തേടി കുടുംബം ജില്ലാ കലക്ടര്‍ക്ക് പരാതി നല്കി. കോഴിക്കോട് ഉള്ള്യേരി അരുമ്പമലയില്‍ ഷൈജുവിന്‍റെ ഭാര്യ സിന്ധുവാണ് ജില്ലാ കലക്ടറെ കണ്ടത്. സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് അന്വേഷണത്തിന് ഉത്തരവിട്ടു.

പനി ബാധിച്ച മകനുമൊത്താണ് കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ഷൈജുവും ഭാര്യയുമെത്തിയത്. ചികിത്സ ലഭിക്കാന്‍ വൈകുകയും പലരും ക്രമം തെറ്റിച്ച് പരിശോധനാ മുറിയില്‍ കയറുകയും ചെയ്തതോടെ ഉണ്ടായ വാക്ക് തര്‍ക്കം ഷൈജു ഫേസ്ബുക്കില്‍ ലൈവ് ചെയ്യുകയായിരുന്നു. സംഭവം നടന്ന് അഞ്ച് ദിവസത്തിന് ശേഷം ഡോക്ടറുടെ പരാതിയില്‍ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, അതിക്രമിച്ച് കയറല്‍, അനുവാദമില്ലാതെ ദൃശ്യങ്ങള്‍ പകര്‍ത്തല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്ത് കൊയിലാണ്ടി പൊലീസ് ഷൈജുവിനെതിരെ കേസെടുത്തു. ജാമ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് ഷൈജു ജയിലിലുമായി. ഇതേ തുടര്‍ന്നാണ് ഭാര്യ സിന്ധു ജില്ലാ കലക്ടര്‍ക്ക് പരാതി നല്കിയത്.

സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ജില്ലാ പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടു. ഫേസ്ബുക്കില്‍ ലൈവ് നല്കിയതിന്‍റെ പേരില്‍ യുവാവിനെ കള്ളക്കേസുകള്‍ ചുമത്തി അറസ്റ്റ് ചെയ്തെന്ന് ആരോപിച്ച് സാമൂഹ്യമാധ്യമങ്ങളിലടക്കം പ്രതിഷേധവും ശക്തമായിട്ടുണ്ട്.