LiveTV

Live

Kerala

ട്രാന്‍സ്‍ഗ്രിഡ് അഴിമതി ആരോപണം: ചെന്നിത്തലയുടെ 10 ചോദ്യങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി

പാലാരിവട്ടം പാലം അഴിമതി മറച്ച് പിടിക്കാനാണ് പ്രതിപക്ഷ നേതാവിന്‍റെ ആരോപണങ്ങള്‍. എല്ലാവരും അഴിമതിക്കാരാണ് എന്നു വരുത്തിത്തീര്‍ത്ത് രക്ഷപ്പെടാം എന്നാണ് പ്രതിപക്ഷം കരുതുന്നതെന്നും മുഖ്യമന്ത്രി

ട്രാന്‍സ്‍ഗ്രിഡ് അഴിമതി ആരോപണം: ചെന്നിത്തലയുടെ 10 ചോദ്യങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി

കെ.എസ്.ഇ.ബി ട്രാന്‍സ്‍ഗ്രിഡ് അഴിമതി ആരോപണത്തില്‍ പ്രതിപക്ഷ നേതാവിന്‍റെ 10 ചോദ്യങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പാലാരിവട്ടം പാലം അഴിമതി മറച്ച് പിടിക്കാനാണ് പ്രതിപക്ഷ നേതാവിന്‍റെ ആരോപണങ്ങള്‍. എല്ലാവരും അഴിമതിക്കാരാണ് എന്നു വരുത്തിത്തീര്‍ത്ത് രക്ഷപ്പെടാം എന്നാണ് പ്രതിപക്ഷം കരുതുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

രമേശ് ചെന്നിത്തലയുടെ ചോദ്യങ്ങളില്‍ കാര്യമാത്ര പ്രസക്തമായ എന്തെങ്കിലും ഉള്ളടക്കമുണ്ടായിട്ടല്ല. മറിച്ച്, ജനങ്ങളില്‍ ഉണ്ടാക്കിയേക്കാനിടയുള്ള തെറ്റിദ്ധാരണ നീക്കാന്‍ വേണ്ടി മാത്രമാണ് 10 ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നതെന്ന് വിശദീകരിച്ചാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന തുടങ്ങുന്നത്. കിഫ്ബിയുടെ അക്കൗണ്ടുകള്‍ സി.എ.ജി ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നതിനിടെയാണ് സി.എ.ജി ഓഡിറ്റിന് വിധേയമല്ല കിഫ്ബി എന്ന പ്രചരണം പ്രതിപക്ഷ നേതാവ് നടത്തുന്നത്. കിഫ്ബിയില്‍ നിന്ന് ട്രാന്‍സ്‍ഗ്രിഡ് പദ്ധതിക്കായി ഏര്‍പ്പെടുത്തിയ ലോണ്‍ എഗ്രിമെന്‍റ് ലഭ്യമാക്കാമോ എന്ന ചോദ്യത്തിന് രേഖകള്‍ രഹസ്യമല്ല പൊതുമണ്ഡലത്തിലുള്ളതാണെന്നും പ്രതിപക്ഷ നേതാവ് അത് പരിശോധിക്കാന്‍ സന്നദ്ധനാവുകയാണ് വേണ്ടെതെന്നും മുഖ്യമന്ത്രി മറുപടി നല്‍കി.

പദ്ധതിയുടെ എസ്റ്റിമേറ്റ് തുക മറ്റു പദ്ധതികളുടെ എസ്റ്റിമേറ്റുകളേക്കാള്‍ 60 ശതമാനത്തിലും ഉയര്‍ന്ന നിരക്കിലാണെന്ന് ആരോപണം വസ്തുതാവിരുദ്ധമാണ്. ട്രാന്‍സ്‍ഗ്രിഡ് പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു വിജിലന്‍സ് കേസും ഉണ്ടായിട്ടില്ല. കടബാധ്യതയുടെ പേരില്‍ വികസനപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാതിരിക്കലല്ല, മറിച്ച് വികസനപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് കടബാധ്യത ക്ലിയര്‍ ചെയ്യാവുന്ന സാഹചര്യമൊരുക്കലാണ് സര്‍ക്കാര്‍ നയമെന്നും മുഖ്യമന്ത്രി വിശദീകരിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പുകളുടെ ഘട്ടമായപ്പോള്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ കൊണ്ട് പുകമറ സൃഷ്ടിക്കാന്‍ പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.