LiveTV

Live

Kerala

കരാറുകാരന്റെ ആത്മഹത്യ: നാല് യു.ഡി.എഫ് നേതാക്കള്‍ക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം

കെ.കരുണാകരന്‍ ട്രസ്റ്റുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളാണ് കരാറുകാരന്‍ ജോസഫിന്റെ മരണത്തിന് കാരണമെന്ന് ആരോപിച്ച് നേരത്തെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു

കരാറുകാരന്റെ ആത്മഹത്യ: നാല് യു.ഡി.എഫ് നേതാക്കള്‍ക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം

കണ്ണൂര്‍ ചെറുപുഴയിലെ കരാറുകാരന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നാല് യു.ഡി.എഫ് നേതാക്കള്‍ക്കെതിരെ പൊലീസ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുത്തു. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ നടപടി. മൂന്ന് പേരും നിലവില്‍ വഞ്ചനാ കേസില്‍ റിമാന്‍ഡിലാണ്. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു.

മുന്‍ കെ.പി.സി.സി നിര്‍വ്വാഹക സമിതി അംഗം കെ.കുഞ്ഞികൃഷ്ണന്‍ നായര്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്‍റ് റോഷി ജോസ്, മുന്‍ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്‍റ് കെ.കെ സുരേഷ് കുമാര്‍, ലീഗ് നേതാവ് ടി.വി അബ്ദുല്‍ സലിം എന്നിവര്‍ക്കെതിരെയാണ് ചെറുപുഴ പൊലീസ് ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയത്.

കെ.കരുണാകരന്‍ ട്രസ്റ്റുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളാണ് കരാറുകാരന്‍ ജോസഫിന്റെ മരണത്തിന് കാരണമെന്ന് ആരോപിച്ച് നേരത്തെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ട്രസ്റ്റ് അംഗങ്ങളായ എട്ട് പേരില്‍ നിന്നും പൊലീസ് മൊഴിയെടുത്തു. തുടര്‍ന്ന് ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇതില്‍ നാല് പേര്‍ക്കെതിരെ പൊലീസ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയത്.

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നായിരുന്നു പൊലീസ് നടപടിയോടുളള കോണ്‍ഗ്രസിന്‍റെ പ്രതികരണം. ട്രസ്റ്റിന്റെ പണമിടപാട് സംബന്ധിച്ച് ചില ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനമെന്നും കെ.പി.സി.സി നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ഇവര്‍ക്കെതിരെ അച്ചടക്ക നടപടിയുണ്ടാകുമെന്നും സതീശന്‍ പാച്ചേനി പറഞ്ഞു. കുഞ്ഞികൃഷ്ണന്‍ നായര്‍ അടക്കം അഞ്ച് പേര്‍ നിലവില്‍ ട്രസ്റ്റിലെ പണമിടപാടുകളുമായി ബന്ധപ്പെട്ട് വഞ്ചനാ കുറ്റത്തിന് റിമാന്‍ഡിലാണ്.