LiveTV

Live

Kerala

യു.ഡി.എഫ് പാളയം ആത്മവിശ്വാസത്തില്‍; കോണ്‍ഗ്രസ് പ്രചരണത്തില്‍ സജീവം

കലഹിച്ച് നിന്ന ജോസഫ്,ജോസ് വിഭാഗത്തെ താല്‍കാലികമായി എങ്കിലും ഒരുമിപ്പിച്ചു നിർത്താന്‍ കോണ്‍ഗ്രസ് നടത്തിയ നീക്കങ്ങളാണ് ഫലം കണ്ടത്

യു.ഡി.എഫ് പാളയം ആത്മവിശ്വാസത്തില്‍; കോണ്‍ഗ്രസ് പ്രചരണത്തില്‍ സജീവം

കേരളാ കോണ്‍ഗ്രസ് തട്ടകമായ പാലായിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കുമ്പോള്‍ യു.ഡി.എഫ് പാളയത്തെ ആത്മവിശ്വാസത്തിലേക്ക് എത്തിച്ചതില്‍ പ്രധാന പങ്ക് കോണ്‍ഗ്രസ് നേതൃത്വത്തിനാണ്. കലഹിച്ച് നിന്ന ജോസഫ്,ജോസ് വിഭാഗത്തെ താല്‍കാലികമായി എങ്കിലും ഒരുമിപ്പിച്ചു നിർത്താന്‍ കോണ്‍ഗ്രസ് നടത്തിയ നീക്കങ്ങളാണ് ഫലം കണ്ടത്.

പ്രചരണത്തിന്റെ ആദ്യഘട്ടം പാർട്ടി തർക്കങ്ങളില്‍ തട്ടിനിന്ന കേരളാ കോണ്‍ഗ്രസ് വിഭാഗങ്ങളെ ഒരുമിപ്പിക്കാനായതും കോണ്‍ഗ്രസ് പ്രചാരണരംഗം ഏറ്റെടുത്തതുമാണ് യു.ഡി.എഫ് ക്യാമ്പില്‍ ആത്മവിശ്വാസം കൂടാന്‍ കാരണം. പാലായിലെ തെരഞ്ഞെടുപ്പ് പ്രചരണരംഗത്ത് പോലും കാലങ്ങള്‍ക്ക് ശേഷമാണ് കോണ്‍ഗ്രസ് സംവിധാനം പാലാ മണ്ഡലം ഒന്നാകെ ഉണർന്നു പ്രവർത്തിക്കുന്നത്. മാണി വിരുദ്ധ കോണ്‍ഗ്രസ് വോട്ടുകള്‍ എല്ലാക്കാലവും പാലാ മണ്ഡലത്തില്‍ ഉണ്ടായിരുന്നു. എങ്കില്‍ ഇത്തവണ അതിന് സാധ്യത കുറവാണ്. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയുമടക്കം നിരവധി കുടുംബയോഗങ്ങളിലാണ് പങ്കെടുത്തത്. അടുത്തഘട്ട ഉപതെരഞ്ഞടുപ്പുകളുടെയും വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന്റെ പ്രാധാന്യവും കോണ്‍ഗ്രസിന് തിരിച്ചറിവുണ്ട്. അതുകൊണ്ടുതന്നെ പാലായില്‍ ആത്മവിശ്വാസം വാനോളമാണ്.

കൊഴുവനാല്‍, രാമപുരം, കരൂർ, മീനിച്ചില്‍, ഭരണങ്ങാനം തുടങ്ങിയ പഞ്ചായത്തുകള്‍ കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രങ്ങളാണ്. വീട് കയറിയുള്ള സ്ക്വർഡ് വർക്കുകള്‍ ഉള്‍പ്പെടെ കേരളാ കോണ്‍ഗ്രസ് പ്രവർത്തകർക്കൊപ്പം കോണ്‍ഗ്രസ് പ്രവർത്തകർ ഇവിടങ്ങളില്‍ സജീവമാണെന്നതും യു.ഡി.എഫ് സ്ഥാനാർഥി ജോസ് ടോമിന് ആത്മവിശ്വാസം നല്കുന്നു.