LiveTV

Live

Kerala

റീ ബില്‍ഡ് കേരളക്കായി വീണ്ടും സര്‍ക്കാര്‍ ധൂര്‍ത്ത്; തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കായി വാടക ഓഫീസ് 

1,30,000 രൂപ വാടകയുള്ള കെട്ടിടമാണ് ഇതിനായി എടുത്തിട്ടുള്ളത്.

റീ ബില്‍ഡ് കേരളക്കായി വീണ്ടും സര്‍ക്കാര്‍ ധൂര്‍ത്ത്; തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കായി വാടക ഓഫീസ് 

പ്രളയ പുനര്‍നിര്‍മാണത്തിന്റെ മറവില്‍ വീണ്ടും സര്‍ക്കാര്‍ ധൂര്‍ത്ത്. റീ ബില്‍ഡ് കേരളയ്ക്കായി ഒരു ലക്ഷത്തി മുപ്പതിനായിരം രൂപ മാസ വാടകയ്ക്ക് പുതിയ ഓഫീസെടുത്തു. റീബിൽഡ് കേരള ഇനിഷ്യേറ്റീവിന്റെ ആസ്ഥാനത്തിന് ലക്ഷങ്ങള്‍ നല്‍കി സ്വകാര്യ വ്യക്തിയുടെ കെട്ടിടം വാടക ക്കെടുത്തതിന് പിന്നാലെയാണ് സര്‍ക്കാരിന്റെ നടപടി.

റീബിൽഡ് കേരള ഇനിഷ്യേറ്റീവിന്റെ ആസ്ഥാനം സെക്രട്ടറിയേറ്റിന് പുറത്ത് വാടക ഓഫീസിലേക്ക് മാറ്റിയത് നേരത്തെ വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് റീബിൽഡ് കേരളയുടെ ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നടക്കുന്ന പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാനുള്ള പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റിന് പുതിയ ഓഫീസ് എടുത്തിരിക്കുന്നത്. പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റിന് തിരുവനന്തപുരത്തെ കേശവദാസപുരത്ത് ആദ്യം ഓഫീസ് കണ്ടെത്തിയെങ്കിലും സെക്രട്ടറിയേറ്റിന് അടുത്ത് വേണമെന്ന ആവശ്യം പരിഗണിച്ച് സാഫല്യം കോംപ്ലക്സിൽ പുതിയ ഓഫീസ് എടുക്കുകയായിരുന്നു.

3229 സ്ക്വയർ ഫീറ്റ് വിസ്തൃതിയുള്ള ഓഫീസിന് സ്ക്വയർ ഫീറ്റിന് 40 രൂപ നിരക്കിൽ 1,29,000 രൂപ വാടക പ്രതിമാസം നൽകേണ്ടിവരും. ഈ തീരുമാനം അംഗീകരിച്ചു കൊണ്ട് സർക്കാർ കഴിഞ്ഞ ദിവസം ഉത്തരവും പുറത്തിറക്കി. സംസ്ഥാനത്തിന്റെ പ്രളയ പുനർ നിർമ്മാണ പ്രവർത്തനത്തിന്റെ ഭരണ ചെലവുകൾക്കായി തന്നെ ധനം ധൂർത്തടിക്കുന്നതിനെതിരെ പ്രതിപക്ഷം രംഗത്തുവന്നു. റീ ബിൽഡ് കേരളയുടെ ആസ്ഥാനമായ ഓഫീസ് ഒരുക്കുന്നതിന് 88 ലക്ഷം രൂപയാണ് നേരത്തെ ചിലവാക്കിയത്. മാസവാടക വേറെ നൽകുന്നുമുണ്ട്.