LiveTV

Live

Kerala

വട്ടിയൂര്‍ക്കാവില്‍ കുമ്മനം മത്സരിക്കാന്‍ സാധ്യത

കുമ്മനത്തിന് പ്രാമുഖ്യമെന്ന് ബി.ജെ.പി ജില്ല പ്രസിഡന്റ് എസ് സുരേഷ് പറഞ്ഞു. പൊതു സമ്മതനായ സീനിയര്‍ കാന്‍ഡിഡേറ്റിനെയായിരിക്കും ആദ്യം പരിഗണിക്കുക

വട്ടിയൂര്‍ക്കാവില്‍ കുമ്മനം മത്സരിക്കാന്‍ സാധ്യത

വട്ടിയൂര്‍ക്കാവില്‍ കുമ്മനം രാജശേഖരന്‍ ബി.ജെ.പി സ്ഥാനാര്‍ഥിയാകാന്‍ സാധ്യത. കുമ്മനത്തിനാല്‍ പ്രാമുഖ്യമെന്ന ബി. ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. എസ് സുരേഷ് മീഡിയവണിനോട് പറഞ്ഞു. പാര്‍ട്ടി തീരുമാനിച്ചാല്‍ മത്സരരംഗത്തിറങ്ങുമെന്ന് തിരുവനന്തപുരം മേയര്‍ വി.കെ പ്രശാന്തും ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനലും പ്രതികരിച്ചു.

വട്ടിയൂര്‍ക്കാവില്‍ സ്ഥാനാര്‍ഥി സാധ്യത സംബന്ധിച്ച് മുന്നണികളില്‍ സജീവമാണ്. ബി.ജെ.പിയുടെ കാര്യത്തിലാണ് കൂടുതല്‍ വ്യക്തത വന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ശക്തമായ പോരാട്ടം കാഴ്ചവെച്ച കുമ്മനത്തിനെ രംഗത്തിറക്കാനാണ് ബി.ജെ.പിയിലെ ചര്‍ച്ചകള്‍. ജില്ലാ കമ്മറ്റിയുടെ അനുകൂല നിലപാട് വ്യക്തമാക്കിക്കഴിഞ്ഞു. തിരുവനന്തപുരം മേയല്‍ വി.കെ പ്രശാന്ത്, കെ.എസ് സുനില്‍കുമാര്‍, എം വിജയകുമാര്‍ വി.ശിവന്‍കുട്ടി എന്നിവരുടെ പേരുകളാണ് സി.പി. എം പരിഗണിക്കുന്നത്.

കോണ്‍ഗ്രസില്‍ സ്ഥാനാര്‍ഥി പട്ടിക നീളമുള്ളതാണ്. അഡ്വ കെ. മോഹന്‍ കുമാര്‍, നെയ്യാറ്റിന്‍കര സനല്‍, പീതംബരക്കുറുപ്പ്, പത്മജ വേണുഗോപാല്‍ എന്നിങ്ങനെ ആ പട്ടിക നീളന്നു. ഡി.സി.സി പ്രസിഡന്റ് കൂടിയായ നെയ്യാറ്റിന്‍കര സനല്‍ മത്സര സന്നദ്ധത അറിയിച്ച് കഴിഞ്ഞു. അടുത്ത ദിവസങ്ങളിലെ ചര്‍ച്ചകളിലൂടെ പാര്‍ട്ടികള്‍ സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കും.