LiveTV

Live

Kerala

ഐ.എന്‍.എല്‍ സംസ്ഥാന കൗണ്‍സിലില്‍ കാസിം ഇരിക്കൂറിനെതിരെ മുദ്രാവാക്യം വിളി

അഖിലേന്ത്യാ അധ്യക്ഷന്‍ പ്രഫ. മുഹമ്മദ് സുലൈമാന്‍റെ അധ്യക്ഷതയില്‍ രാവിലെ പത്തിന് തുടങ്ങിയ യോഗം രാത്രി ഒമ്പതര വരെ നീണ്ടു.

ഐ.എന്‍.എല്‍ സംസ്ഥാന കൗണ്‍സിലില്‍  കാസിം ഇരിക്കൂറിനെതിരെ മുദ്രാവാക്യം വിളി

പാര്‍ട്ടിയിലെ കടുത്ത വിഭാഗീയതയെ തുടര്‍ന്നുണ്ടായ പ്രതിസന്ധി മറികടക്കാന്‍ അഖിലേന്ത്യാ പ്രസിഡണ്ട് വിളിച്ചു ചേര്‍ത്ത ഐ.എന്‍.എല്‍ സംസ്ഥാന കൗണ്‍സിലില്‍ വഹാബ് ഗ്രൂപ്പിന്‍റെ ശക്തി പ്രകടനം. കൗണ്‍സില്‍ യോഗത്തിലെ ഭൂരിപക്ഷത്തിന്‍റെ ആവശ്യം അംഗീകരിച്ച് കാസിം പക്ഷത്തുള്ള അഞ്ച് നേതാക്കളെ സസ്പെന്‍ഡ് ചെയ്തു. വഹാബ് പക്ഷത്തുള്ള രണ്ട് പ്രവര്‍ത്തകര്‍ക്കെതിരെയും നടപടിയുണ്ട്. ഒരു വര്‍ഷത്തിലധികമായി തുടരുന്ന കടുത്ത വിഭാഗീയ പോരിന് ഒടുവില്‍ വഹാബ് ഗ്രൂപ്പിന്‍റെ ശക്തി പ്രകടനം കൂടി ആയി കണ്ണൂരിലെ കൗണ്‍സില്‍ യോഗം.

സംസ്ഥാന പ്രസിഡണ്ട് പ്രഫ എ.പി അബ്ദുല്‍ വഹാബും ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറും ചേരിതിരിഞ്ഞതോടെ കഴിഞ്ഞ ജൂണ്‍ 12 മുതല്‍ ഐ.എന്‍.എല്‍ സംസ്ഥാന ഘടകത്തിന്‍റെ പ്രവര്‍ത്തനം അഖിലേന്ത്യാ അധ്യക്ഷന്‍ ഇടപെട്ട് മരവിപ്പിച്ചിരുന്നു. പ്രശ്നങ്ങള്‍ പരിഹരിക്കാനായി വിളിച്ചു ചേര്‍ത്ത ജനറല്‍ കൌണ്‍സിലില്‍ 120 ഓളം പേര്‍ പങ്കെടുത്തു.

അഖിലേന്ത്യാ അധ്യക്ഷന്‍ പ്രഫ. മുഹമ്മദ് സുലൈമാന്‍റെ അധ്യക്ഷതയില്‍ രാവിലെ പത്തിന് തുടങ്ങിയ യോഗം രാത്രി ഒമ്പതര വരെ നീണ്ടു.
വിഭാഗീയ നീക്കങ്ങളുടെ പേരില്‍ ഏഴു പേരെ പുറത്താക്കണമെന്ന് നേരത്തെ തന്നെ പ്രഫ എ.പി അബ്ദുല്‍ വഹാബ് ആവശ്യപ്പെട്ടിരുന്നു.
ഇതില്‍ ആറു പേരുടെ സസ്പെന്‍ഷന്‍ പ്രഖ്യാപിച്ച് ദേശീയ അധ്യക്ഷന്‍ പുറത്തേക്ക് പോയപ്പോള്‍ കൌണ്‍സിലര്‍മാര്‍ സ്റ്റേജിലേക്ക് ഇരച്ചുകയറി.
ഐ.എന്‍.എല്‍ മലപ്പുറം ജില്ലാ സെക്രട്ടറിയും കാസിം ഗ്രൂപ്പുകാരനുമായ അന്‍വര്‍ സാദത്തിനെതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു പരസ്യ പ്രതിഷേധം.

സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളെ കൌണ്‍സില്‍ അംഗങ്ങള്‍ തടഞ്ഞുവെച്ചു. തുടര്‍ന്ന് അടിയന്തര സെക്രട്ടേറിയറ്റ് ചേര്‍ന്ന് അന്‍വര്‍ സാദത്തിനെയും സസ്പന്‍ഡ് ചെയ്തു. ഈ പ്രഖ്യാപനം നടത്തിയ ശേഷമാണ് കൌണ്‍സിലര്‍മാര്‍ അടങ്ങിയത്. യോഗ വേദിക്ക് പുറത്തിറങ്ങിയ കാസിം ഇരിക്കൂറിനെതിരെ പ്രവര്‍ത്തകര്‍ വട്ടം നിന്ന് മുദ്രാവാക്യം വിളിച്ചു. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി എത്തിയ നൂറിലധികം പ്രവര്‍ത്തകരും യോഗം നടന്ന ഹോട്ടലിന് പുറത്തുണ്ടായിരുന്നു.

പ്രശ്നസാധ്യത കണക്കിലെടുത്ത് കണ്ണൂരിലെ സ്വകാര്യ ഹോട്ടലിന്‍റെ ആറാം നിലയിലാണ് യോഗം നടന്നത്. കാസിം-വഹാബ് ഗ്രൂപ്പുകള്‍ ഏറെ കാലമായി പാര്‍ട്ടിയില്‍ ചേരി തിരിഞ്ഞ് പോരാടുകയായിരുന്നു. ഐ.എന്‍.എല്ലില്‍ ലയിച്ച പി.ടി.എ റഹീമിന്‍റെ NSC യിൽ നിന്ന് വന്നവർക്ക് അര്‍ഹമായ പാര്‍ട്ടി ഭാരവാഹിത്വം പോലും നല്‍കാന്‍ ഇതുമൂലം കഴിഞ്ഞിരുന്നില്ല. എല്‍.ഡി.എഫ് കണ്‍വീനറും പ്രമുഖ മത നേതാവും ഇടപെട്ട് നടത്തിയ മധ്യസ്ഥ ശ്രമങ്ങളും ഫലം കണ്ടിരുന്നില്ല.