LiveTV

Live

Kerala

എറണാകുളത്ത് കോണ്‍ഗ്രസില്‍ സീറ്റിനായുള്ള പിടിവലി ശക്തമാകും

ഐ ഗ്രൂപ്പ് മണ്ഡലമായ എറണാകുളത്തിന് അവകാശവാദവുമായി എ ഗ്രൂപ്പ് നേതാക്കളും രംഗത്തുണ്ട്

എറണാകുളത്ത് കോണ്‍ഗ്രസില്‍ സീറ്റിനായുള്ള പിടിവലി ശക്തമാകും

എറണാകുളം നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയം എളുപ്പമാകില്ല. ഐ ഗ്രൂപ്പ് മണ്ഡലമായ എറണാകുളത്തിന് അവകാശവാദവുമായി എ ഗ്രൂപ്പ് നേതാക്കളും രംഗത്തുണ്ട്.

ഡി.സി.സി പ്രസിഡന്റും ഡെപ്യൂട്ടി മേയറുമായ ടി.ജെ വിനോദിന്റെ പേരാണ് സജീവമായി ഉയര്‍ന്ന് കേള്‍ക്കുന്നത്. കോര്‍പ്പറേഷന്‍ ഉപതെരഞ്ഞെടുപ്പ് അടക്കമുള്ള പ്രശ്നങ്ങള്‍ ചൂണ്ടികാട്ടി തടയിടാനുള്ള ശ്രമം നടക്കുന്നുണ്ടെങ്കിലും രമേശ് ചെന്നിത്തലയടക്കമുള്ള നേതാക്കളുടെ പിന്തുണ ടി.ജെ വിനോദിന് ഗുണം ചെയ്യും. മുന്‍പ് രണ്ട് തവണ മണ്ഡലത്തില്‍ നിന്ന് വിജയിച്ച കെ.വി തോമസിനും സീറ്റില്‍ കണ്ണുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പില്‍ സിറ്റിങ് സീറ്റില്‍ നിന്ന് മാറ്റി നിര്‍ത്തിയതടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടികാട്ടിയാവും കെ വി തോമസ് സീറ്റിന് അവകാശവാദം ഉന്നയിക്കുക. ഐ ഗ്രൂപ്പിന് ഇതില്‍ താല്‍പര്യമില്ല എന്നത് തന്നെയാണ് കെ.വി തോമസിന് തിരിച്ചടിയാവുക. മുന്‍മേയര്‍ ടോണി ചമ്മണി, കോണ്‍ഗ്രസ് എറണാകുളം നോര്‍ത്ത് പ്രസിഡന്റ് ഹെന്‍ട്രി ഓസ്റ്റിന്‍ എന്നിവരുടെ പേരുകളും ചര്‍ച്ചയിലുണ്ട്.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റിന്റെ പേരും ഒരു വിഭാഗം ഉയര്‍ത്തികാട്ടുന്നുണ്ട്. സീറ്റ് കിട്ടിയാല്‍ വിജയം ഉറപ്പാണെന്ന കണക്കുകൂട്ടലുള്ളതിനാല്‍ സീറ്റിന് വേണ്ടിയുള്ള പിടിവലിയും ശക്തമാകും. കഴിഞ്ഞ തവണ മത്സരരംഗത്തുണ്ടായിരുന്ന ജില്ലാ കമ്മറ്റിയംഗം കൂടിയായ എം. അനില്‍കുമാര്‍, സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എന്‍ ഗോപിനാഥ്, പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷനായ അഡ്വ. യേശുദാസ് പറപ്പള്ളി എന്നി പേരുകള്‍ ഉയര്‍ന്ന് വരുന്നുണ്ടെങ്കിലും സി.പി.എമ്മില്‍ ചര്‍ച്ചകള്‍ സജീവമായിട്ടില്ല.