LiveTV

Live

Kerala

ഉപതെരഞ്ഞെടുപ്പ്; സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ സജീവം

തര്‍ക്കങ്ങള്‍ ഒഴിവാക്കി സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കാനുള്ള ശ്രമങ്ങളിലാണ് കോണ്‍ഗ്രസ്.

ഉപതെരഞ്ഞെടുപ്പ്; സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ സജീവം

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ സജീവമായി. ചൊവ്വാഴ്ച ചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിളെ സംബന്ധിച്ച പ്രാഥമിക ചര്‍ച്ചകള്‍ നടക്കും. തര്‍ക്കങ്ങള്‍ ഒഴിവാക്കി സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കാനുള്ള ശ്രമങ്ങളിലാണ് കോണ്‍ഗ്രസ്. വട്ടിയൂര്‍കാവ്, മഞ്ചേശ്വരം മണ്ഡലങ്ങളില്‍ പ്രമുഖ സ്ഥാനാര്‍ഥികളെ രംഗത്തിറക്കാനാണ് ബി.ജെപി.യുടെ ആലോചന.

അ‍ഞ്ച് മണ്ഡലങ്ങളിലും ഈ മാസം 30നകം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ടതുകൊണ്ട് വേഗത്തില്‍ തന്നെ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാനുള്ള നീക്കത്തിലാണ് മൂന്ന് മുന്നണികളും. അഞ്ച് മണ്ഡലങ്ങളും സി.പി.എം മത്സരിക്കേണ്ടത് കൊണ്ട് ജില്ലാ നേതൃയോഗങ്ങള്‍ ചേര്‍ന്ന് സാധ്യത പട്ടിക തയ്യാറാക്കാനുള്ള നീക്കത്തിലാണ് പാര്‍ട്ടി. ചൊവ്വാഴ്ച നടക്കുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് മുന്നോടിയായി അതാത് ജില്ലാനേതൃത്വങ്ങള്‍ തങ്ങളുടെ നിര്‍ദ്ദേശം സംസ്ഥാന നേതൃത്വത്തിന് കൈമാറും. ഈ ആഴ്ച അവസാനത്തോടെ അ‍ഞ്ച് സ്ഥാനാര്‍ത്ഥികളേയും സിപിഎം പ്രഖ്യാപിക്കും.

യു.ഡി.എഫില്‍ മഞ്ചേശ്വരം ഒഴികെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നാലു സീറ്റുകളും കോണ്‍ഗ്രസിന്റേതാണ്. വട്ടിയൂര്‍ക്കാവ് ഉള്‍പ്പെടെ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി സംബന്ധിച്ച് കോണ്‍ഗ്രസില്‍ അഭിപ്രായ വ്യത്യാസമുണ്ട്. എന്നാല്‍ ഇത് പരിഹരിച്ച് ദിവസങ്ങള്‍ക്കകം തെരഞ്ഞെടുപ്പ് വേദിയിലിറങ്ങുക എന്നതാണ് കോണ്‍ഗ്രസിന് മുന്നിലെ വെല്ലുവിളി. മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ട് സമവായമുണ്ടാക്കി അടുത്ത ശനിയാഴ്ചയോടെങ്കിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാന്‍ കഴിയുമെന്നാണ് യു.ഡി.എഫ് പ്രതീക്ഷ.

മഞ്ചേശ്വരം,വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളിലാണ് ബി.ജെ.പി ഏറ്റവുമധികം പ്രതീക്ഷ വച്ച് പുലര്‍ത്തുന്നത്. കഴിഞ്ഞ നിയമസഭ തെര‍ഞ്ഞെടുപ്പില്‍ രണ്ടിടത്തും രണ്ടാം സ്ഥാനത്ത് എത്തിയതാണ് ബി.ജെ.പി പ്രതീക്ഷ വര്‍ധിപ്പിക്കുന്നത്. ജില്ലാ കമ്മിറ്റികളുടെ അഭിപ്രായം കൂടി പരിഗണച്ചിയാരിക്കും അഞ്ചിടത്തും ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നത്. പ്രചാരണ പരിപാടികള്‍ തീരുമാനിക്കാന്‍ വരും ദിവസങ്ങളിലും മൂന്ന് മുന്നണികളുടേയും യോഗം ചേരും.