LiveTV

Live

Kerala

വട്ടിയൂർക്കാവിലും മഞ്ചേശ്വരത്തും ജയസാധ്യതയുള്ള സ്ഥാനാർത്ഥികളെ രംഗത്തിറക്കാന്‍ ബി.ജെ.പി.തീരുമാനം

വട്ടിയൂർക്കാവിൽ കുമ്മനം രാജശേഖരൻ തന്നെ മത്സരത്തിനിറങ്ങണമെന്ന ആവശ്യത്തിനാണ് മുൻതൂക്കം

വട്ടിയൂർക്കാവിലും മഞ്ചേശ്വരത്തും ജയസാധ്യതയുള്ള സ്ഥാനാർത്ഥികളെ രംഗത്തിറക്കാന്‍ ബി.ജെ.പി.തീരുമാനം

ഉപതെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിലും മഞ്ചേശ്വരത്തും ഉറച്ച ജയസാധ്യതയുള്ള സ്ഥാനാർത്ഥികളെ രംഗത്തിറക്കാനാണ് ബി.ജെ.പി.തീരുമാനം. വട്ടിയൂർക്കാവിൽ കുമ്മനം രാജശേഖരൻ തന്നെ മത്സരത്തിനിറങ്ങണമെന്ന ആവശ്യത്തിനാണ് മുൻതൂക്കം. ഉപ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ബി.ജെ.പി കോർ കമ്മിറ്റി ഇന്ന് കൊച്ചിയിൽ ചേരും.

ഉപതെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് സംസ്ഥാ ഭാരവാഹികൾക്ക് ചുമതല നൽകി സ്ഥാനാർത്ഥികളെ സംബന്ധിച്ച് പ്രാഥമിക ചർച്ച ബി.ജെ.പി നേരത്തെ തന്നെ പൂർത്തിയാക്കിയിരുന്നു. വട്ടിയൂർക്കാവിലും മഞ്ചേശ്വരത്തും വിജയിക്കാനാകുമെന്നും കോന്നിയിൽ മികച്ച പ്രകടനം കാഴ്ച വെക്കാനാകുമെന്നുമാണ് പാർട്ടി വിലയിരുത്തൽ. വട്ടിയൂർക്കാവിൽ കുമ്മനം രാജശേഖരനും, മഞ്ചേശ്വരത്ത് കെ.സുരേന്ദ്രനും മത്സരിക്കാനുള്ള താത്പര്യ കുറവ് നേരത്തെ തന്നെ പാർട്ടി അറിയിച്ചിരുന്നു.എന്നാൽ വട്ടിയൂർക്കാവിൽ കുമ്മനം തന്നെ മത്സരിക്കണമെന്ന ആവശ്യം പാർട്ടിയിൽ ശക്തമാണ്. കുമ്മനം മത്സരിച്ചില്ലെങ്കിൽ വി.വി.രാജേഷ്, ജില്ലാ പ്രസിഡന്റ് എസ്.സുരേഷ് എന്നിവരെയാകും പരിഗണിക്കുക.

മഞ്ചേശ്വരത്ത് സുരേന്ദ്രന് വേണ്ടിയും മണ്ഡലത്തിൽ പ്രവർത്തകരുടെ സമ്മർദ്ദമുണ്ട്. ജില്ലാ പ്രസിഡന്റ് കെ.ശ്രീകാന്ത്, രവീശ തന്ത്രി കുണ്ടാർ എന്നിവരാണ് പരിഗണനാ പട്ടികയിലുള്ള മറ്റ് പേരുകൾ.എ.പി അബ്ദുള്ള കുട്ടി മത്സരിക്കണമെന്നും ബി.ജെ.പിയിൽ ഒരു വിഭാഗത്തിന് താത്പര്യമുണ്ട്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ 440 വോട്ടിന്റെ മാത്രം വ്യത്യാസത്തിലാണ് കോന്നിയിൽ ബി.ജെ.പി.മൂന്നാമതെത്തിയത്. ഈ ട്രന്റ് നിലനിർത്താൻ കെ. സുരേന്ദ്രനോ, ശോഭാ സുരേന്ദ്രനോ രംഗത്തിറങ്ങണമെന്നാണ് ബി.ജെ.പി. പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ നിലപാട്. എറണാംകുളത്ത് സംസ്ഥാന നേതാക്കൾ തന്നെ മത്സര രംഗത്ത് വേണമെന്ന ആവശ്യവും ശക്തമാണ്. അരൂർ മണ്ഡലം ബി.ഡി.ജെ.എസിൽ നിന്ന് ബി.ജെ.പി.ഏറ്റെടുക്കണമെന്ന ആവശ്യവും പാർട്ടിയിലുണ്ട്.