LiveTV

Live

Kerala

ആയിരംതെങ്ങ് പാലം അപകടാവസ്ഥയില്‍; വിദഗ്ധ പരിശോധന വേണമെന്ന് നാട്ടുകാര്‍

കോണ്‍ക്രീറ്റ് ഇളകിമാറി കമ്പി തെളിഞ്ഞു. പാലം നിര്‍മ്മാണത്തിന്റെ പ്രാരംഭഘട്ടത്തില്‍ തന്നെ അപാകതയുണ്ടെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

 ആയിരംതെങ്ങ് പാലം അപകടാവസ്ഥയില്‍; വിദഗ്ധ പരിശോധന വേണമെന്ന് നാട്ടുകാര്‍

കൊല്ലം അഴീക്കല്‍ ടിഎസ് കനാലിന് കുറുകെയുള്ള ആയിരംതെങ്ങ് പാലം അപകടാവസ്ഥയില്‍. 2010ല്‍ ഗതാഗതത്തിന് തുറന്നുകൊടുത്ത പാലത്തിന്റെ കോണ്‍ക്രീറ്റ് ഇളകിമാറി കമ്പികള്‍ തെളിഞ്ഞു. പാലത്തിന്റെ സുരക്ഷ ഉറപ്പുവരുത്താന്‍ വിദഗ്ധ പരിശോധന വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

2005ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ കാലത്ത് സുനാമിഫണ്ടിലെ തുകയുപയോഗിച്ചാണ് പാലത്തിന്റെ നിര്‍മ്മാണം ആരംഭിച്ചത്. 2004ലെ സുനാമിക്ക് ശേഷം അടിയന്തിര ഘട്ടങ്ങളില്‍ തീരദേശത്തുള്ളവര്‍ക്ക് മറുകരയിലേക്കെത്തുന്നതിനായിരുന്നു പാലത്തിന്റെ നിര്‍മ്മാണം. 2010ല്‍ വി.എസ് സര്‍ക്കാര്‍ പാലം ഗതാഗതത്തിനായി തുറന്നുകൊടുത്തു. പാലം നിര്‍മ്മാണത്തിന്റെ പ്രാരംഭഘട്ടത്തില്‍ തന്നെ അപാകതയുണ്ടെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

അമൃതാനന്ദമയി മഠം, കായംകുളം ഹാര്‍ബര്‍, അഴീക്കല്‍ ബീച്ച് എന്നിവിടങ്ങളിലേക്കെത്താനുള്ള പാലം കൂടിയാണ് ഇത്. കോണ്‍ക്രീറ്റിളകി കുഴികള്‍ രൂപപ്പെട്ടതിനാല്‍ പാലത്തിലൂടെയുള്ള ഗതാഗതവും അപകടകരമാണ്. കമ്പികള്‍ പുറത്തുവന്നത് നിര്‍മ്മാണത്തിലെ അപാകത മൂലമാണെന്ന് ചൂണ്ടിക്കാട്ടി പാലത്തിന്റെ സുരക്ഷാപരിശോധന എത്രയും വേഗം നടത്തണമെന്ന ആവശ്യമാണ് നാട്ടുകാര്‍ ഉന്നയിക്കുന്നത്.