LiveTV

Live

Kerala

തീരദേശപരിപാലന നിയമം ലംഘിച്ച് കൊച്ചിയില്‍ കൂടുതല്‍ ഫ്ലാറ്റുകള്‍

മരടിലെ ഫ്ലാറ്റുകൾക്ക് സമാനമായി കൊച്ചിയിൽ 40 ഫ്ലാറ്റുകൾ നിയമലംഘനം നടത്തിയെന്ന് മരട് ഫ്ലാറ്റിലെ താമസക്കാരനായ രഞ്ജിത് രവീന്ദ്രന്‍ പറയുന്നു

തീരദേശപരിപാലന നിയമം ലംഘിച്ച് കൊച്ചിയില്‍ കൂടുതല്‍ ഫ്ലാറ്റുകള്‍

തീരദേശപരിപാലന നിയമം ലംഘിച്ച കൂടുതല്‍ ഫ്ലാറ്റുകള്‍ കൊച്ചിയിലുണ്ടെന്ന് പരാതി. 40 ഫ്ലാറ്റുകളില്‍ മരടിലേതിന് സമാനമായ നിയമലംഘനങ്ങള്‍ ചൂണ്ടിക്കാണിച്ച് സുപ്രീം കോടതി പൊളിക്കാന്‍ ഉത്തരവിട്ട ഫ്ലാറ്റിലെ താമസക്കാരന്‍ രഞ്ജിത് രവീന്ദ്രന്‍ ചീഫ് സെക്രട്ടറി‌ക്കും കൊച്ചി കോര്‍പ്പറേഷനും നോട്ടീസ് നല്‍കി.

സുപ്രിം കോടതി പൊളിക്കാൻ ഉത്തരവിട്ട ആൽഫ ഫ്ലാറ്റിലെ താമസക്കാരനാണ് പരാതിക്കാരൻ. 1991 ലെ തീരദേശ പരിപാലന നിയമപ്രകാരം ജലസ്യോതസ്സുകൾക്ക് സമീപമുള്ള നിർമാണങ്ങൾ ആരംഭിക്കുന്നതിന് മുമ്പ് അതോറിറ്റിയുടെ അനുമതി വേണം. കൊച്ചി കോർപ്പറേഷൻ പരിധിയിലെ 40 ബഹുനില കെട്ടിടങ്ങൾ മുൻകൂർ അനുമതിയില്ലാതെ നിർമിച്ചുവെന്നാണ് പരാതിയിലെ ആരോപണം. ഇത്തരത്തിൽ നിർമിക്കുന്ന കെട്ടിടങ്ങൾ നിയമവിരുദ്ധമായി കണക്കാക്കേണ്ടി വരുമെന്ന ഹൈക്കോടതി വിധിയും നിലവിലുണ്ട്.

അതിനാൽ പരാതിക്കാരന്റെ ആരോപണത്തിൽ മറുപടി നൽകണമെന്നാവശ്യപ്പെട്ട് പരാതിക്കാരന്റെ അഭിഭാഷകൻ ചീഫ് സെക്രട്ടറിക്കും തീരദേശ പരിപാലന അതോറിറ്റിക്കും ഫ്ലാറ്റുടമകൾക്കും നോട്ടീസ് നൽകി. 15 ദിവസത്തിനകം മറുപടി നൽകണമെന്നാണ് ആവശ്യം. അല്ലാത്തപക്ഷം ഈ ഫ്ലാറ്റുകൾ നിയമവിരുദ്ധമാണെന്ന് കണക്കാക്കി മരടിലെ വിധി ബാധകമാക്കാൻ സുപ്രിം കോടതിയെ സമീപിക്കുമെന്ന് നോട്ടീസിൽ ചൂണ്ടികാണിക്കുന്നു. നിലവിലെ സുപ്രിം കോടതി വിധി സമാന സാഹചര്യത്തിലുള്ള മറ്റ് ഫ്ലാറ്റുകളുടെ കാര്യത്തിലും ബാധകമാക്കണമെന്ന പരാതിയിൽ തുടർനടപടികൾ ഉണ്ടായാൽ കൊച്ചി മറൈൻ ഡ്രൈവിലെ നിരവധി കെട്ടിടങ്ങളുടെയടക്കം നിയമസാധുത ചോദ്യം ചെയ്യപ്പെട്ടേക്കും.