LiveTV

Live

Kerala

കേരളത്തില്‍ അഞ്ച് നിയമസഭ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് ഒക്ടോബര്‍ 21 ന്

നാല് സിറ്റിങ് സീറ്റുകളുള്ള യു.ഡി.എഫിനും ഒരു സിറ്റിങ് സീറ്റുള്ള എല്‍.ഡി.എഫിനും ഉപതെരഞ്ഞെുപ്പ് നിര്‍ണായകമാണ്

കേരളത്തില്‍ അഞ്ച് നിയമസഭ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് ഒക്ടോബര്‍ 21 ന്

കേരളത്തില്‍ അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് ഒക്ടോബര്‍ 21 ന്. വട്ടിയൂര്‍ക്കാവ്, കോന്നി, അരൂര്‍, എറണാകളും, മഞ്ചേശ്വരം മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ്. നാല് സിറ്റിങ് സീറ്റുകളുള്ള യു.ഡി.എഫിനും ഒരു സിറ്റിങ് സീറ്റുള്ള എല്‍.ഡി.എഫിനും ഉപതെരഞ്ഞെുപ്പ് നിര്‍ണായകമാണ്. വട്ടിയൂര്‍ക്കാവ്, മഞ്ചേശ്വരം മണ്ഡലങ്ങളില്‍ ബി.ജെ.പിയും പ്രധാന ഘടകമാകും. ഒക്ടോബര്‍ 24 നാണ് വോട്ടെണ്ണല്‍.

കെ. മുരളധീരന്‍, അടൂര്‍ പ്രകാശ്, എ.എം ആരിഫ്, ഹൈബി ഈഡന്‍ എന്നിവര്‍ എം.പിമാരായി വിജയച്ചതോടെയാണ് വട്ടിയൂര്‍ക്കാവ്, കോന്നി, അരൂര്‍, എറണാകുളം മണ്ഡലങ്ങളില്‍ ഒഴിവു വന്നത്. പി.ബി അബ്ദുറസാഖിന്‍റെ മരണത്തോടെയാണ് മഞ്ചേശ്വരം സീറ്റില്‍ ഉപതെരഞ്ഞെടുപ്പ് വന്നത്.

ആരിഫിന്‍റെ അരൂരൊഴികെ നാലും യുഡിഎഫിന്‍റെ സീറ്റിങ് മണ്ഡലങ്ങളാണ്. അത് കൊണ്ടു തന്നെ ഈ തെരഞ്ഞെടുപ്പ് ഏറ്റവും കൂടുതല്‍ വെല്ലുവിളി നേരിടുന്നത് യു.ഡി.എഫാകും. സിറ്റിങ് സീറ്റുകള്‍ നിലനിര്‍ത്തുകയും അരൂര്‍ പിടിച്ചെടുക്കുകയും ചെയ്താലേ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിന്‍റെ മുന്‍തൂക്കം നിലനിര്‍ത്താനാകൂ. അരൂരില്‍ ജയിച്ചാല്‍ തന്ന എല്‍.ഡി.എഫ് സ്റ്റാറ്റസ് കോ നിലനിര്‍ത്താനാകും. യു.ഡി.എഫിന്‍റെ ഏതെങ്കിലും സീറ്റ് പിടിച്ചെടുത്താല്‍ നേട്ടവും.

വട്ടിയൂര്‍ക്കാവിലും മഞ്ചേശ്വരത്തും യു.ഡി.എഫിനോട് നേരിട്ട് മത്സരിച്ച ബി.ജെ.പി ക്കും ഉപതെരഞ്ഞെടുപ്പ് നിര്‍ണായകമാണ്. നിയമസഭായിലെ അംഗബലം ഒന്നില്‍ നിന്ന് വര്‍ധിപ്പിക്കാനാകും ബി.ജെ.പിയുടെ ശ്രമം. കൃത്യം ഒരു മാസം മാത്രം ബാക്കി നില്‍ക്കെ മുന്നണികളാരും സ്ഥാനാര്‍ഥി ചര്‍ച്ചപോലും അന്തിമാക്കിയിട്ടില്ല. പാലയുടെ അലയൊലി അടങ്ങുന്നതിന് മുമ്പ് തന്നെ അഞ്ച് ഉപതെരഞ്ഞെടുപ്പുകളെ നേരിടേണ്ട അവസ്ഥയിലാണ് രാഷ്ട്രീയ കേരളം.