LiveTV

Live

Kerala

തൃശൂര്‍ മാപ്രാണം കൊലപാതക കേസ്; ഒന്നാം പ്രതി സഞ്ജയ് രവി കീഴടങ്ങി

തൃശൂര്‍ മാപ്രാണം കൊലപാതക കേസ്; ഒന്നാം പ്രതി സഞ്ജയ് രവി കീഴടങ്ങി

തൃശൂര്‍ മാപ്രാണത്ത് ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി അറസ്റ്റില്‍. വര്‍ണ തിയേറ്ററുടമ സഞ്ജയ് രവിയാണ് അറസ്റ്റിലായത്.

ഇന്ന് പുലര്‍ച്ചെ പേരാമംഗലത്ത് വെച്ചാണ് സഞ്ജയ് രവിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രതി കീഴടങ്ങുകയായിരുന്നുവെന്നാണ് സൂചന. തമിഴ്നാട്. ആന്ധ്ര സംസ്ഥാനങ്ങളിലെ വിവിധ ഇടങ്ങളില്‍ ഒഴിവില്‍ കഴിഞ്ഞ ശേഷം ഇന്നലെയാണ് തൃശൂരിലെത്തിയെതെന്ന് സഞ്ജയ് രവി പൊലീസിനോട് പറഞ്ഞു.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് മാപ്രാണം സ്വദേശി വാലത്ത് രാജനെ വീട്ടില്‍ കയറി സഞ്ജയ്‍യുടെ നേതൃത്വത്തിലുള്ള നാലംഗ സംഘം ആക്രമിച്ചത്. സഞ്ജയ് ഇരിങ്ങാലക്കുടയിലെ ഒരു സിനിമ തിയേറ്റര്‍ വാടകക്ക് എടുത്ത് നടത്തുന്നുണ്ട്. തിയറ്ററിന് തൊട്ടടുത്താണ് കൊല്ലപ്പെട്ട രാജന്റെ വീട്. തിയേറ്ററിലേക്ക് വരുന്ന വാഹനങ്ങള്‍ സ്ഥിരമായി രാജന്റെ വീട്ടിലേക്കുള്ള വഴിയില്‍ നിര്‍ത്തിയിടുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. സഞ്ജയ് ഉള്‍പ്പെടെ നാല് പേരാണ് കേസിലെ പ്രതികള്‍. ഒരാളെ നേരത്തെ പൊലീസ് പിടികൂടി. മറ്റ് രണ്ട് പേര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.