LiveTV

Live

Kerala

ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യാന്‍ വിജിലന്‍സ് ചോദ്യാവലി തയ്യാറാക്കും

വി.കെ ഇബ്രാഹിം കുഞ്ഞിനെ പ്രതിപ്പട്ടികയില്‍ ചേര്‍ക്കാതെ കേസ് മുന്നോട്ട് കൊണ്ടുപോകാനാകില്ലെന്നാണ് വിജിലന്‍സ് നിലപാട് 

ഇബ്രാഹിംകുഞ്ഞിനെ  ചോദ്യം ചെയ്യാന്‍ വിജിലന്‍സ് ചോദ്യാവലി തയ്യാറാക്കും

പാലാരിവട്ടം അഴിമതി കേസില്‍ മുന്‍ മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യാന്‍ വിജിലന്‍സ് ചോദ്യാവലി തയ്യാറാക്കും. വി.കെ ഇബ്രാഹിം കുഞ്ഞിനെ പ്രതിപ്പട്ടികയില്‍ ചേര്‍ക്കാതെ കേസ് മുന്നോട്ട് കൊണ്ടുപോകാനാകില്ലെന്നാണ് വിജിലന്‍സ് നിലപാട്. കരാറിലെ പണമിടപാട് സംബന്ധിച്ച എല്ലാ രേഖകളിലും ഇബ്രാഹിം കുഞ്ഞ് ഇടപെട്ടിട്ടുണ്ടെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍.

പാലാരിവട്ടം മേല്‍പ്പാലം നിര്‍മാണ അഴിമതിയില്‍ വി.കെ ഇബ്രാഹിംകുഞ്ഞ് പ്രതിയാകുമെന്നത് ഉറപ്പായി. മുന്‍ മന്ത്രി അറിയാതെ സാമ്പത്തിക ഇടപാടുകള്‍ നടക്കില്ലെന്നാണ് വിജിലന്‍സിന്റെ വിലയിരുത്തല്‍. അനധികൃത സാമ്പത്തിക ഇടപാട് നടന്നതിന്റെ തെളിവുകള്‍ വിജിലന്‍സിന് ലഭിച്ചിട്ടുണ്ട്. സെക്രട്ടറിയേറ്റില്‍ നിന്നും മുന്‍ മന്ത്രി ഇടപെട്ട രേഖകളും വിജിലന്‍സ് സംഘം ശേഖരിച്ചു. ഇതിനെ അടിസ്ഥാനപ്പെടുത്തി വി.കെ ഇബ്രാഹിം കുഞ്ഞിനെ വിശദമായി ചോദ്യം ചെയ്യാനാണ് വിജിലന്‍സിന്റെ തീരുമാനം.

വ്യക്തമായ തെളിവുകളോട് കൂടി മാത്രമേ ചോദ്യം ചെയ്യല്‍ പോലും നടത്താവൂ എന്ന് വിജിലന്‍സ് മേധാവി എ.ഡി.ജി.പി അനില്‍കാന്ത് അന്വേഷണ സംഘത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സാങ്കേതിക തെളിവുകള്‍ കൂടി ഉള്ള സാഹചര്യത്തില്‍ വി കെ ഇബ്രാഹിം കുഞ്ഞിന് കേസില്‍ നിന്ന് മാറിനില്‍ക്കാനാകില്ല. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയ ശേഷം അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കാനാകും അന്വേഷണ സംഘത്തിന്റെ തീരുമാനം.