LiveTV

Live

Kerala

വനിതാ ഡോക്ടറുടെ മാനസിക പീഡനം; നഴ്സ് കുഴഞ്ഞുവീണതായി പരാതി

നെയ്യാറ്റിന്‍കര പെരുമ്പഴുതൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ് സംഭവം

 വനിതാ ഡോക്ടറുടെ മാനസിക പീഡനം; നഴ്സ് കുഴഞ്ഞുവീണതായി പരാതി

തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ വനിതാ ഡോക്ടറുടെ ഭാഗത്ത് നിന്നുള്ള കടുത്ത മാനസിക പീഡനത്തെ തുടര്‍ന്ന് നഴ്സ് കുഴഞ്ഞു വീണതായി പരാതി. നെയ്യാറ്റിന്‍കര പെരുമ്പഴുതൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ് സംഭവം. അധിക ജോലി ചെയ്യാന്‍ ആവശ്യപ്പെട്ടുവെന്നും രോഗികളുടെ മുന്നില്‍ വെച്ച് മോശമായി പെരുമാറിയെന്നുമാണ് പരാതി.

ഒരു ഡോക്ടറും ഒരു നഴ്സും വിരലില്‍ എണ്ണാവുന്ന അനുബന്ധ ജീവനക്കാരും മാത്രം ജോലി ചെയ്യുന്ന ആരോഗ്യ കേന്ദ്രമാണ് പെരുമ്പഴുതൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രം. ഇന്നലെ ഡ്യൂട്ടിക്കെത്തിയ നഴ്സ് ആശയോട് ഡോക്ടര്‍ ഒരേ സമയം ഒന്നില്‍ കൂടുതല്‍ ജോലി ചെയ്യാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ കഴിഞ്ഞ ദിവസം വീണ് കൈക്ക് പരിക്കേറ്റതിനാല്‍ കഴിയാവുന്ന ജോലി ചെയ്യാമെന്ന് ആശ മറുപടി നല്‍കി. രോഗികളുടെ മുന്നില്‍ വെച്ച് ഡോ. ലിനി മോശമായി പെരുമാറിയാതോടെ ഹൃദയസംബന്ധമായ അസുഖമുള്ള ആശ കുഴഞ്ഞു വീണുവെന്നാണ് പരാതിയില്‍ പറയുന്നത്.

താന്‍ മോശമായി പെരുമാറിയെന്ന ആരോപണം ശരിയല്ലെന്നും നഴ്സിംഗ് അസോസിയേഷന്‍ ഭാരവാഹികള്‍ ഭീഷണിപ്പെടുത്തിയെന്നും ഡോ. ലിനി പ്രതികരിച്ചു. ഡോക്ടര്‍ക്കെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് നഴ്സിംഗ് അസോസിയേഷന്‍ അറിയിച്ചു.