LiveTV

Live

Kerala

കണ്ണൂര്‍ വിമാനത്താവളത്തില്‍ സി.എ.ജി ഓഡിറ്റ് അനുവദിക്കാത്തത് അഴിമതി മറച്ചുവെക്കാനാണെന്ന് ചെന്നിത്തല

കണ്ണൂര്‍ വിമാനത്താവളത്തില്‍ സി.എ.ജി ഓഡിറ്റ് അനുവദിക്കാത്തത് അഴിമതി മറച്ചുവെക്കാനാണെന്ന്  ചെന്നിത്തല

കണ്ണൂര്‍ വിമാനത്താവളത്തില്‍ സി.എ.ജി ഓഡിറ്റ് അനുവദിക്കാത്തത് അഴിമതി മറച്ചുവെക്കാനാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. 65 ശതമാനം പൊതുമേഖലയില്‍ ഓഹരിയുള്ള കിയാല്‍ സര്‍ക്കാര്‍ കമ്പനിയല്ല എന്ന് പറയുന്നത് വിചിത്രവാദമാണ്. സി.പി.എമ്മിനായി കിയാല്‍ പരസ്യം നല്‍കിയത് നിയമവിരുദ്ധമാണെന്നും ചെന്നിത്തല മുഖ്യമന്ത്രിക്കയച്ച കത്തില്‍ കുറ്റപ്പെടുത്തി.

സി.എ.ജിക്ക് കിഫ്ബി ഓഡിറ്റ് നിഷേധിച്ച നടപടിയെ വസ്തുതാ വിരുദ്ധമായ കാരണങ്ങള്‍ നിരത്തിയാണ് ധനമന്ത്രി ന്യായീകരിക്കാന്‍ ശ്രമിച്ചതെന്നും ചെന്നിത്തല പറഞ്ഞു. 'ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് രക്ഷപ്പെടാനുള്ള തന്ത്രത്തിന്‍റെ ഭാഗമായിരുന്നു ഇത്. ഇതിനെതിരെ ഞാന്‍ ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് സര്‍ക്കാരും ധനമന്ത്രിയും ഉത്തരം നല്‍കാതെ ഒളിച്ചോടുകയാണ്. പിണറായി സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുന്നതിന്‍റെ ഏറ്റവും വലിയ തെളിവാണ് സിഎജി ഓഡിറ്റ് തടയുന്ന നടപടി' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കിഫ്ബിയുടെയും കിയാലിന്‍റെയും പ്രവര്‍ത്തനങ്ങളെ ഓഡിറ്റ് ചെയ്യാനുള്ള അനുമതി സിഎജിക്ക് നല്‍കാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട പ്രതിപക്ഷനേതാവ് 65 ശതമാനം പൊതുമേഖല ഓഹരിയുള്ള കിയാല്‍ സര്‍ക്കാര്‍ കമ്പനിയല്ലെന്ന വാദമാണ് സര്‍ക്കാര്‍ ഉയര്‍ത്തുന്നതെന്നും ചൂണ്ടിക്കാട്ടി.കേന്ദ്ര കോര്‍പറേറ്റ് കാര്യ മന്ത്രാലയം നിയമപ്രകാരം കിയാല്‍ സര്‍ക്കാര്‍ കമ്പനി തന്നെയാണെന്ന് സ്ഥിരീകരിച്ചിട്ടും എന്തുകൊണ്ടാണ് സിഎജിക്ക് ഓഡിറ്റ് അനുമതി നിഷേധിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.