LiveTV

Live

Kerala

സുപ്രീംകോടതി ഒരു ഉത്തരവ് പുറപ്പെടുവിച്ചാൽ നടപ്പാക്കാൻ ബാധ്യതയുണ്ട്: മരട് ഹരജി പരിഗണിക്കുന്നതിനിടെ ഹൈക്കോടതി

മരടിലെ ഫ്ളാറ്റില്‍ നിന്നും കുടിയൊഴിപ്പിക്കുന്നതില്‍ നഗരസഭ സ്വീകരിച്ച നടപടികള്‍ക്കെതിരെ താമസക്കാരന്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ നിരീക്ഷണം.

സുപ്രീംകോടതി ഒരു ഉത്തരവ് പുറപ്പെടുവിച്ചാൽ നടപ്പാക്കാൻ ബാധ്യതയുണ്ട്: മരട് ഹരജി പരിഗണിക്കുന്നതിനിടെ ഹൈക്കോടതി

സുപ്രീംകോടതി ഒരു ഉത്തരവ് പുറപ്പെടുവിച്ചാൽ അത് നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് ഹൈക്കോടതി. മരടിലെ ഫ്ലാറ്റുടമ നൽകിയ ഹരജി പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം. അതേസമയം സർക്കാരിൽ ഇപ്പോഴും പ്രതീക്ഷയുണ്ടെന്ന് മരടിലെ ഫ്ലാറ്റ് ഉടമകൾ പ്രതികരിച്ചു.

താമസം ഒഴിയണമെന്ന് ആവശ്യപ്പെട്ട് നഗരസഭ നല്‍കിയ നോട്ടീസിനെതിരെ ഗോള്‍ഡന്‍ കായലോരം അപാര്‍ട്ട്മെന്‍റിലെ താമസക്കാരനായ എം.കെ പോള്‍ ആണ് ഹരജി നല്‍കിയത്. 2010 മുതല്‍ ഫ്ളാറ്റിലെ താമസക്കാരനാണെന്നും തന്‍റെ സ്വത്തിലും അവകാശങ്ങളിലും ഇടപെടാന്‍ നഗരസഭയ്ക്ക് അധികാരമില്ലെന്നും ഹരജിയില്‍ പറയുന്നു. സുപ്രീംകോടതി ഒരു ഉത്തരവ് പുറപ്പെടുവിച്ചാൽ അത് നടപ്പാക്കാനുള്ള ബാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി, ഹരജി ചൊവ്വാഴ്ച പരിഗണിക്കാൻ മാറ്റി.

അതേസമയം സർക്കാരിൽ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണെന്ന് ഫ്ലാറ്റ് ഉടമകൾ വ്യക്തമാക്കി. സുപ്രീംകോടതിയുടെ അന്തിമ തീരുമാനം അനുകൂലമാകുമെന്ന് വിശ്വസിക്കുന്നുവെന്നും ഫ്ലാറ്റ് ഉടമകൾ പ്രതികരിച്ചു. ഫ്ലാറ്റ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം സർവകക്ഷി യോഗത്തിലെടുത്ത തീരുമാനത്തിന് മുമ്പ് തയാറാക്കിയതാകാമെന്നും ഫ്ലാറ്റ് ഉടമകൾ പ്രതികരിച്ചു. അന്തിമ തീരുമാനം വരുന്നത് വരെ തൽക്കാലം പ്രതികരിക്കാനില്ലെന്ന നിലപാടിലാണ് മരട് നഗരസഭ.