LiveTV

Live

Kerala

അട്ടപ്പാടിയിൽ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചത് മുളയില്‍ കെട്ടി ചുമന്ന് 

പെൺകുട്ടിയെ ഊര് നിവാസികളും ബന്ധുക്കളും ചേർന്ന് മുളം തണ്ടിൽ ചുറ്റിയ തുണിയിൽ കിടത്തി നാല് കിലോമീറ്ററോളം തോളിൽ ചുമന്ന് നടക്കുകയായിരുന്നു.

അട്ടപ്പാടിയിൽ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചത്  മുളയില്‍ കെട്ടി ചുമന്ന് 

പാലക്കാട് അട്ടപ്പാടിയിൽ ആദിവാസികളുടെ ദുരിതയാത്ര അവസാനിക്കുന്നില്ല. നെഞ്ച് വേദന അനുഭവപ്പെട്ട പെൺകുട്ടിയെ ആശുപത്രിയിലെത്തിക്കാൻ മുളയിൽ കെട്ടി കിലോമീറ്ററുകൾ സഞ്ചരിച്ചു. ഇട വാണിയൂരിൽ അയ്യപ്പന്റെ മകൾ ആതിരയെയാണ് മുളയിൽ കെട്ടി ആശുപത്രിയിൽ എത്തിച്ചത്.

ഇന്നലെ ഉച്ചതിരിഞ്ഞാണ് സംഭവം. ഇടവാണി ഊരിൽ അയ്യപ്പന്റെ മകൾ ആതിരക്ക് പനിയെ തുടർന്ന് നെഞ്ചുവേദന അനുഭവപ്പെട്ടു. 14 വയസ്സുള്ള ആതിര തളരുകയും ചെയ്തു. തുടർന്ന് പെൺകുട്ടിയെ ഊര് നിവാസികളും ബന്ധുക്കളും ചേർന്ന് മുളം തണ്ടിൽ ചുറ്റിയ തുണിയിൽ കിടത്തി നാല് കിലോമീറ്ററോളം തോളിൽ ചുമന്ന് നടക്കുകയായിരുന്നു.

താഴെ ഭൂതയാർ ഊരു വരെ മുളംതണ്ടിൽ കടത്തിയ പെൺകുട്ടിയെ അവിടെ നിന്നും ജീപ്പിൽ കയറ്റി കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെൺകുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. പ്രാക്തന ഗോത്ര വിഭാഗമായ കുറമ്പ ഊരായ ഇടവാനിയിൽ ഇത് രണ്ടാം തവണയാണ് ഗതാഗത സൗകര്യമില്ലാത്തതിനാൽ മുളയിൽ കെട്ടി ആളുകളെ ആശുപത്രിയിൽ എത്തിക്കുന്നത്.

കഴിഞ്ഞ ജൂൺ 5ന് ഊരിലെ പണലി എന്ന വ്യക്തിയുടെ ഭാര്യ മണിയെ പൂർണ്ണ ഗർഭിണിയായിരിക്കെ സമാന രീതിയിൽ ആശുപത്രിയിൽ കൊണ്ട് പോയിരുന്നു. പ്രധാനമന്ത്രിയുടെ ഫണ്ട് ഉപയോഗിച്ച് റോഡ് നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും പണി എങ്ങുമെത്തിയിട്ടില്ല.