LiveTV

Live

Kerala

ഭൂമിയിലെ നീതിപീഠങ്ങൾ കനിഞ്ഞില്ല; പ്രിയ മകന് നീതി തേടിയുള്ള പോരാട്ടത്തിൽ ഇടറി വീണ് റസാഖ് മടങ്ങി...

മക്കളുടെ നിരപാധിത്വം തെളിയിക്കുന്നതിനായി വര്‍ഷങ്ങള്‍ അലഞ്ഞ ഈ പിതാവ്, പോരാട്ടം അവസാനിപ്പിച്ച് മണ്ണിലേക്ക് മടങ്ങുമ്പോഴും മക്കള്‍ അഴിക്കുപിന്നില്‍ തന്നെ എന്നത് വേദനാജനകമാണ്

ഭൂമിയിലെ നീതിപീഠങ്ങൾ കനിഞ്ഞില്ല; പ്രിയ മകന് നീതി തേടിയുള്ള പോരാട്ടത്തിൽ ഇടറി വീണ് റസാഖ് മടങ്ങി...

കോടതിവരാന്തകള്‍ക്ക് സുപരിചിതനായ, തൂവെള്ള വസ്ത്രവും നീളന്‍താടിയും നെറ്റിയില്‍ വലിയ നിസ്കാരത്തഴമ്പുമുള്ള ആ മനുഷ്യന്‍ ഓര്‍മയായി. ചെയ്യാത്ത തെറ്റിന്റെ പേരില്‍ അഴിക്കുള്ളിലായെന്ന് ഉറച്ചുവിശ്വസിക്കുന്ന സ്വന്തം മകന് നീതി കിട്ടാന്‍വേണ്ടി അനവരതം പോരാട്ടം നടത്തിയ ആലുവ കുഞ്ഞുണ്ണിക്കര സ്വദേശി റസാഖ്. വാഗമണ്‍, പാനായിക്കുളം തുടങ്ങിയ സ്ഥലപ്പേരുകളില്‍ അറിയപ്പെടുന്ന തീവ്രവാദ കേസുകളില്‍ പ്രതിയായ മകന്‍ അന്‍സാര്‍ നദ്‍വിയുടെ മോചനത്തിനു വേണ്ടി നിയമവഴികളിലൂടെ ക്ഷീണിക്കാതെ, ക്ഷോഭിക്കാതെ, തലയുയര്‍ത്തിപ്പിടിച്ച് സഞ്ചരിച്ചു അദ്ദേഹം. മധ്യപ്രദേശ് ഹൈക്കോടതിയില്‍ നടക്കുന്ന കേസുമായി ബന്ധപ്പെട്ടുള്ള യാത്രയില്‍ ഇന്‍ഡോറില്‍ വെച്ചാണ് റസാഖ് മരണത്തിനു കീഴടങ്ങിയത്.

മധ്യപ്രദേശ് ഹൈക്കോടതിയില്‍ നടക്കുന്ന നിയമപോരാട്ടവുമായി ബന്ധപ്പെട്ട് അഭിഭാഷകരുമായി ആശയവിനിമയം നടത്താനുള്ള ഓട്ടത്തിലായിരുന്നു ഇക്കഴിഞ്ഞ ദിവസം വരെ അദ്ദേഹം. ഇന്‍ഡോര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഭോപ്പാലിലേക്ക് പോകാന്‍ നില്‍ക്കുമ്പോഴാണ് ഹൃദയാഘാതമുണ്ടായി മരണം സംഭവിച്ചത്.

പതിമൂന്ന് വര്‍ഷമായി ജയിലില്‍ കഴിയുകയാണ് റസാഖിന്‍റെ മകന്‍ അന്‍സാര്‍ നദ്‍വി, ഈരാറ്റുപേട്ട സ്വദേശികളായ ശിബിലി, ശാദുലി തുടങ്ങിയവര്‍. വാര്‍ധക്യസഹജമായ ആരോഗ്യപ്രശ്നങ്ങളും അസുഖങ്ങളുമുണ്ടെങ്കിലും 68-കാരനായ റസാഖ് ഇവര്‍ക്ക് നീതി ലഭിക്കനായി ഓടിനടന്നു. ഹൃദയസംബന്ധമായ ശസ്ത്രക്രിയയ്ക്ക് പണതവണ വിധേയനാവേണ്ടി വന്നപ്പോഴും അദ്ദേഹം തളര്‍ന്നില്ല.

നിരപരാധിയാണെന്ന് ഉറച്ചുവിശ്വസിക്കുന്ന സ്വന്തം മകനുവേണ്ടി മാത്രമായിരുന്നില്ല ഈ പിതാവിന്‍റെ പേരാട്ടങ്ങളൊന്നും. മകനോടൊപ്പം, സമാനമായ സാഹചര്യത്തില്‍ ജയിലിലടക്കപ്പെട്ട നിരവധിയാളുകള്‍ക്കു വേണ്ടി ഇദ്ദേഹം കോടതികള്‍ നിരന്തരം കയറിയിറങ്ങി. ഇത്തരം കേസുകളില്‍ അകപ്പെട്ടുപോയ യുവാക്കളുടെ ബന്ധുക്കളെ ഏകോപിപ്പിച്ചും ആത്മവിശ്വാസം പകര്‍ന്നും നിയമ പോരാട്ടം നടത്തിയും റസാഖ് മുന്നില്‍നിന്നു.

കൊച്ചിയിലെ എന്‍ഐഎ കോടതിയിലും ഹൈക്കോടതിയിലുമടക്കം നിരന്തരം കേസുകളാണ് അന്‍സാറിനും സുഹൃത്തുക്കള്‍ക്കുമെതിരെ ഉണ്ടായിരുന്നത്. കേസ് വിളിക്കുന്ന ദിവസങ്ങളിലെല്ലാം റസാഖ് കൃത്യമായി കോടതിയിലെത്തിയിരുന്നു. അഭിഭാഷകനോട് ചോദിച്ചറിഞ്ഞ് കേസുകളുടെ വിശദാംശങ്ങള്‍ മനസ്സിലാക്കി. കോടതി വരാന്തകളില്‍ മണിക്കൂറുകളോളം കാത്തുനില്‍ക്കുന്ന ആ പിതാവിനെ ശ്രദ്ധിക്കാത്തവരുണ്ടാവില്ല. കുറ്റബോധം പേറുന്ന, ദയനീയമായി നീതിക്കുവേണ്ടി യാചിക്കുന്നതായിരുന്നില്ല കോടതിമുറികളില്‍ കാണപ്പെട്ട അദ്ദേഹത്തിന്റെ ഭാവം. ആ നിശ്ചയദാര്‍ഢ്യത്തിനുമുന്നില്‍ പലരും പകച്ച് നിന്നുപോയിട്ടുണ്ട്.

യാസർ, നിസാർ, അൻസാർ നദ്‌വി, സത്താർ, ജാസ്മിൻ എന്നിങ്ങനെ അഞ്ചു മക്കളാണ് റസാഖിന് ഇതില്‍ ഇളയ മകന്‍ അബ്ദുല്‍ സത്താറും മറ്റൊരു കേസില്‍ വിയ്യൂര്‍ ജയിലിലാണ്. 2006 മാര്‍ച്ച് 26ന് മധ്യപ്രദേശിലെ ഇന്‍ഡോറില്‍ വച്ചാണ് അന്‍സാര്‍ നദ്‍വി ഉള്‍പ്പെടെ 13 പേരെ പോലിസ് അറസ്റ്റ് ചെയ്തത്. മാസങ്ങള്‍ക്കു ശേഷം അഹമ്മദാബാദില്‍ നടന്ന സ്‌ഫോടനത്തിലുള്‍പ്പെടെ ഇവരെ പ്രതിചേര്‍ത്തു. ഹുബ്ലി, പാനായിക്കുളം കേസുകളില്‍ പ്രതിയാക്കപ്പെട്ടവരെ വെറുതെ വിടും വരെ നിരന്തരപോരാട്ടമാണ് ഈ പിതാവ് നടത്തിയത്. വാഗമണ്‍ കേസില്‍ അന്‍സാര്‍ ശിക്ഷിക്കപ്പെട്ടെങ്കിലും ശിക്ഷാകാലാവധിയിലുമധികം തടവ് ഇതിനകം അനുഭവിച്ചു കഴിഞ്ഞു. എന്നാല്‍ മറ്റു കേസുകള്‍ കൂടിയുള്ളതിനാല്‍ ജയില്‍ മോചിതനാകാന്‍ സാധിച്ചിട്ടില്ല.

പല ജയിലുകളിലെയും തടവുകാരുടെ അവസ്ഥ പഠിച്ചുമനസ്സിലാക്കിയ റസാഖ് നിയമപോരാട്ടങ്ങള്‍ക്കു സമാന്തരമായി ഗവര്‍ണര്‍, മനുഷ്യാവകാശ കമ്മീഷന്‍ തുടങ്ങിയ വാതിലുകളും നിരന്തരം മുട്ടിയിരുന്നു. മക്കളുടെ നിരപാധിത്വം തെളിയിക്കുന്നതിനായി വര്‍ഷങ്ങള്‍ അലഞ്ഞ ഈ പിതാവ്, പോരാട്ടം അവസാനിപ്പിച്ച് മണ്ണിലേക്ക് മടങ്ങുമ്പോഴും മക്കള്‍ അഴിക്കുപിന്നില്‍ തന്നെ എന്നത് മനഃസാക്ഷിയുള്ള ആരെയും വേദനിപ്പിക്കുന്ന യാഥാര്‍ത്ഥ്യമാണ്.