LiveTV

Live

Kerala

മുത്തൂറ്റ് സമരം; തൊഴില്‍ മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ഒത്തുതീര്‍പ്പ് ചര്‍ച്ച പരാജയപ്പെട്ടു

മുത്തൂറ്റ് സമരം;  തൊഴില്‍ മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ഒത്തുതീര്‍പ്പ് ചര്‍ച്ച പരാജയപ്പെട്ടു

മുത്തൂറ്റ് ജീവനക്കാരുടെ സമരം പരിഹരിക്കാന്‍ സര്‍ക്കാര്‍ വിളിച്ച ചര്‍ച്ച പരാജയം. താത്കാലിക ശമ്പള വര്‍ധനവെങ്കിലും നടപ്പാക്കണമെന്നാവശ്യം മാനേജ്മെന്‍റ് നിരസിച്ചതോടെയാണ് ചര്‍ച്ച പരാജയപ്പെട്ടത്. മൂത്തൂറ്റിലെ സമരം തുടരുമെന്ന് സി.ഐ.ടി.യു അറിയിച്ചു. സമരം തുടര്‍ന്നാല്‍ കൂടുതല്‍ ശാഖകള്‍ പൂട്ടേണ്ടി വരുമെന്ന് മാനേജ്മെന്‍റ് മുന്നറിയിപ്പ് നല്‍കി.

ഒരു മാസക്കാലമായി മുത്തൂറ്റ് ശാഖകളില്‍ സി.ഐ.ടി.യു നടത്തി വരുന്ന സമരം തീര്‍ക്കാന്‍ സര്‍ക്കാര്‍ നേരത്തെ വിളിച്ച രണ്ട് ചര്‍ച്ചകളും പരാജയമായിരിന്നു. സമരം കൂടുതല്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന പശ്ചാത്തലത്തിലാണ് തൊഴില്‍ മന്ത്രി ഇന്ന് വീണ്ടും യോഗം വിളിച്ചത്. തൊഴില്‍ ഭവനില്‍ നടന്ന ചര്‍ച്ചയില്‍ മന്ത്രി ടി.പി രാമകൃഷ്ണന്‍, ലേബര്‍ കമ്മീഷണ്‍, സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്‍റ് ആനത്തലവട്ടം ആനന്ദന്‍, മുത്തൂറ്റ് ചെയര്‍മാന്‍ അടക്കമുള്ളവര്‍ പങ്കെടുത്തു. എന്നാല്‍ ശമ്പള വര്‍ധനവ് അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാട് മാനേജ്മെന്‍റ് സ്വീകരിച്ചതോടെ മൂന്നാമത് ചര്‍ച്ചയും പരാജയമായി. മാനേജ്മെന്‍റ് ചര്‍ച്ച പ്രഹസനമാക്കുകയാണെന്ന് സി.ഐ.ടി.യുവും ആരോപിച്ചു.

ഇനിയും ശമ്പള വര്‍ധനവ് നടപ്പാക്കിയാല്‍ മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് മുത്തൂറ്റ് മാനേജ്മെന്‍റ് പ്രതിനിധികള്‍ പറഞ്ഞു. തുടര്‍ചര്‍ച്ചകള്‍ക്കുള്ള സാധ്യതയുണ്ടെങ്കിലും ശമ്പളവര്‍ധനവ് മാനേജ്മെന്‍റ് അംഗീകരിക്കാത്ത പശ്ചാത്തലത്തില്‍ പ്രശ്നപരിഹാരം വിദൂരമാണ്.