LiveTV

Live

Kerala

നിയമപരമായ പൂര്‍ണ അനുമതി കിട്ടിയ ശേഷമാണ് മരടില്‍ ഫ്ലാറ്റ് നിര്‍മാണം തുടര്‍ന്നതെന്ന് ജെയിന്‍ കണ്‍സ്ട്രക്ഷന്‍സ്

ഫ്ലാറ്റുകളില്‍ നിന്ന് പുറത്താക്കപ്പെടുന്ന കുടുംബങ്ങളെ സഹായിക്കുമെന്നും വൈസ് ചെയര്‍മാന്‍ ആര്‍. വാസുദേവന്‍ മീഡിയവണിനോട് പറഞ്ഞു

നിയമപരമായ  പൂര്‍ണ അനുമതി കിട്ടിയ ശേഷമാണ് മരടില്‍ ഫ്ലാറ്റ് നിര്‍മാണം തുടര്‍ന്നതെന്ന്  ജെയിന്‍ കണ്‍സ്ട്രക്ഷന്‍സ്

ഹൈക്കോടതിയില്‍ നിന്ന് നിയമപരമായ പൂര്‍ണ അനുമതി കിട്ടിയ ശേഷമാണ് മരടില്‍ ഫ്ലാറ്റ് നിര്‍മാണം തുടര്‍ന്നതെന്ന് ജെയിന്‍ കണ്‍സ്ട്രക്ഷന്‍സ്. ഫ്ലാറ്റ് പൊളിയ്ക്കുക എന്നത് വലിയ ദുരന്തമാണ്. ഫ്ലാറ്റുകളില്‍ നിന്ന് പുറത്താക്കപ്പെടുന്ന കുടുംബങ്ങളെ സഹായിക്കുമെന്നും വൈസ് ചെയര്‍മാന്‍ ആര്‍. വാസുദേവന്‍ മീഡിയവണിനോട് പറഞ്ഞു.

മരടിലെ 5 ഫ്ലാറ്റുകള്‍ പൊളിക്കണമെന്ന് സുപ്രിം കോടതി വിധിച്ച ശേഷം ആദ്യമായാണ് ഒരു ഫ്ലാറ്റ് നിര്‍മാതാവ് പരസ്യ പ്രതികരണവുമായി രംഗത്തെത്തുന്നത്. ഒരു നിയമലംഘനവും നടന്നിട്ടില്ലെന്ന് ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന ജെയിന്‍ കണ്‍സ്ട്രക്ഷന്‍സ് വൈസ് ചെയര്‍മാന്‍ ആര്‍. വാസുദേവന്‍ വിശദീകരിക്കുന്നു. 2006ല്‍ മരട്, ഗ്രാമപഞ്ചായത്ത് ആയിരുന്നപ്പോഴാണ് കമ്പനി ഫ്ലാറ്റ് നിര്‍മാണം ആരംഭിക്കുന്നത്. എന്നാല്‍ നിര്‍മാണം നിര്‍ത്തി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് ലഭിച്ചത് മരടിനെ നഗരസഭയാക്കിയ ശേഷവും. ഇതേതുടര്‍ന്ന് കമ്പനി ഹൈക്കോടതിയെ സമീപിച്ചു.

നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പത്ത് വര്‍ഷം നീണ്ടു. അതിന് ശേഷമാണ് ഉപഭോക്താക്കള്‍ക്ക് ഫ്ലാറ്റുകള്‍ കൈമാറിയത്. നിലവിലെ സാഹചര്യത്തില്‍ ഉപഭോക്താക്കളെ സംരക്ഷിക്കേണ്ട ബാധ്യത കമ്പനിയ്ക്കുണ്ട്. ഇതിന് നടപടികളുണ്ടാകും.

ഫ്ലാറ്റുകള്‍ക്ക് താല്‍കാലിക നമ്പര്‍ നല്‍കിയത് അഗ്നി രക്ഷാ സംവിധാനം പൂര്‍ണമാകാത്തതിനാല്‍ ആയിരുന്നു. ഇത് പൂര്‍ത്തീകരിച്ചാല്‍ നമ്പര്‍ ലഭ്യമാകുമായിരുന്നു. സുപ്രിം കോടതി വിധിയ്ക്കെതിരെ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും ജയിന്‍ കണ്‍സ്ട്രക്ഷന്‍സ് വ്യക്തമാക്കി.