LiveTV

Live

Kerala

ടി.ഒ സൂരജിന്റെ ആരോപണങ്ങള്‍ക്ക് മറുപടി പറയാനില്ലെന്ന് ഇബ്രാഹിം കുഞ്ഞ്

മൊബ്‍ലൈസേഷന്‍ അഡ്വാന്‍സ് കാലാകാലങ്ങളായി നല്‍കുന്നതാണെന്നും ഒരു അന്വേഷണത്തെയും ഭയപ്പെടുന്നില്ലെന്നും ഇബ്രാഹിം കുഞ്ഞ് തിരുവനന്തപുരത്ത് പറഞ്ഞു

ടി.ഒ സൂരജിന്റെ ആരോപണങ്ങള്‍ക്ക് മറുപടി പറയാനില്ലെന്ന്  ഇബ്രാഹിം കുഞ്ഞ്

മന്ത്രിയായിരുന്ന താന്‍ ടി.ഒ സൂരജിന്റെ ആരോപണങ്ങള്‍ക്ക് മറുപടി പറയാനില്ലെന്ന് വി.കെ ഇബ്രാഹിം കുഞ്ഞ്. കരാര്‍ കമ്പനിക്ക് അഡ്വാന്‍സ് തുക നല്‍കിയത് ആരാണെന്ന് ഫയലിലുണ്ടാകും. മൊബ്‍ലൈസേഷന്‍ അഡ്വാന്‍സ് കാലാകാലങ്ങളായി നല്‍കുന്നതാണെന്നും ഒരു അന്വേഷണത്തെയും ഭയപ്പെടുന്നില്ലെന്നും ഇബ്രാഹിം കുഞ്ഞ് തിരുവനന്തപുരത്ത് പറഞ്ഞു.

കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസാണ്. അതില്‍ അഭിപ്രായം പറയുന്നത് അന്വേഷണത്തെ ബാധിക്കും. അന്വേഷണവുമായി 100 ശതമാനം സഹകരിച്ചിട്ടുണ്ട്. ഫയലുകള്‍ ഉദ്യോഗസ്ഥരുടെ പക്കലുണ്ട്. ഫയല്‍ നോക്കി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കാര്യങ്ങള്‍ തീരുമാനിക്കാവുന്നതാണ്. മന്ത്രിയായിരുന്ന താന്‍ സൂരജിന് മറുപടി പറയുന്നില്ല. മറുപടി പറയാന്‍ ഒരുപാടുണ്ട്. അന്വേഷണം നടക്കുന്ന കേസായതിനാലാണ് കൂടുതല്‍ പ്രതികരണം നടത്താത്തത്.

പാലത്തിന്റേത് സാങ്കേതിക പിഴവ് മാത്രമാണ്. അതിന്റെ ധാര്‍മികതയാണ് ഇ. ശ്രീധരന്‍ വരെ പറഞ്ഞത്. മുന്‍കൂറായി പണം നല്‍കിയതില്‍ തെറ്റില്ല. ഗവണ്‍മെന്റ് നയം അനുസരിച്ചാണ് പണം നല്‍കിയതെന്നും ഇബ്രാഹിംകുഞ്ഞ് പറഞ്ഞു.

ഇബ്രാഹിം കുഞ്ഞിനെതിരെ രേഖാമൂലം ഒരു തെളിവുമില്ലെന്ന് കുഞ്ഞാലിക്കുട്ടി

പാലാരിവട്ടം പാലം അഴിമതി കേസില്‍ ഇബ്രാഹിം കുഞ്ഞിനെതിരെ രേഖാമൂലം ഒരു തെളിവുമില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു. മുന്നിൽ വന്ന ഫയൽ അംഗീകരിക്കുക മാത്രമാണ് ഇബ്രാഹിം കുഞ്ഞ് ചെയ്തത്. ആരോപണങ്ങൾ ആർക്കു വേണമെങ്കിലും ഉന്നയിക്കാം. നിരപരാധിത്വം തെളിയിക്കാൻ ഇബ്രാഹിം കുഞ്ഞിന് പൂർണ പിന്തുണ നല്‍കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.