LiveTV

Live

Kerala

പാലാരിവട്ടം പാലം പഞ്ചവടി പാലം പോലെ ആയല്ലോ എന്ന് കോടതി

ടി.ഒ സൂരജ് ഉള്‍പ്പടെയുള്ളവരുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് കോടതിയുടെ പരാമര്‍ശം

പാലാരിവട്ടം പാലം പഞ്ചവടി പാലം പോലെ ആയല്ലോ എന്ന് കോടതി

പാലാരിവട്ടം മേല്‍പ്പാലം പഞ്ചവടി പാലം പോലെയായല്ലോയെന്ന് ഹൈക്കോടതി. ടി.ഒ സൂരജ് ഉൾപ്പടെയുള്ള പ്രതികളുടെ ജാമ്യപേക്ഷേ പരിഗണിക്കവെയാണ് കോടതി നിരീക്ഷണം. താന്‍ സർക്കാരിന്റെ ഉപകരണം മാത്രമായിരുന്നുവെന്ന് ടി.ഒ സൂരജും കോടതിയെ അറിയിച്ചു. കേസില്‍ ഇനിയും അറസ്റ്റുണ്ടാകുമെന്ന് വിജിലന്‍സ് കോടതിയെ അറിയിച്ചു. കേസ് ഈ മാസം 24ന് വീണ്ടും പരിഗണിക്കും.

പാലാരിവട്ടം മേൽപ്പാലം അഴിമതി കേസിലെ പ്രതികളായ പി.ഡബ്ല്യൂ.ഡി മുന്‍ സെക്രട്ടറി ടി.ഒ സൂരജ്, ആര്‍.ഡി.എസ് പ്രോജക്ട്‌സ് മാനേജിങ് ഡയറക്ടര്‍ സുമിത് ഗോയല്‍, കിറ്റ്കോ മുന്‍ എം.ഡി ബെന്നി പോള്‍, ആര്‍.ബി.ഡി.സി കെ. അസി. ജനറല്‍ മാനേജര്‍ പി.ഡി തങ്കച്ചന്‍ എന്നിവരാണ് ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുള്ളത്. ഹരജി പരിഗണിക്കവെ ഇതുവരെ നടന്ന അന്വേഷണത്തിലെ പുരോഗതി അറിയിക്കണമെന്നു കോടതി വിജിലൻസിനോട് നിർദേശിച്ചു.

നാലു പ്രതികളുടെയും പങ്ക് എന്താണന്നറിയിക്കണമെന്ന് കോടതി നിർദേശിച്ചു. സർക്കാർ ഫയലുകൾ ഒപ്പിടുക മാത്രമാണ് ചെയ്തതെന്നും സർക്കാരിന്റെ ഉപകരണം മാത്രമായിരുന്നു താനെന്നും ടി.ഒ സൂരജ് കോടതിയെ അറിയിച്ചു. അന്വേഷണം പുരോഗമിക്കുകയാണന്നും കേസിൽ ഇനിയും അറസ്റ്റുണ്ടാകുമെന്നും വിജിലൻസും അറിയിച്ചു. പൊതു ജനങ്ങളുടെ ജീവന് ഭീഷണിയുണ്ടാകുന്ന രീതിയിലാണ് പാലം നിർമിച്ചിരിക്കുന്നതെന്നായിരുന്നു സർക്കാർ നിലപാട്.

കരാർ വ്യവസ്ഥയിൽ ഇളവ് ചെയ്യാനും 8 കോടി 25 ലക്ഷം രൂപ പലിശ ഇല്ലാതെ മുൻകൂർ നൽകാനും ഉത്തരവിട്ടത് അന്നത്തെ മന്ത്രിയായ ഇബ്രാഹിംകുഞ്ഞാണെന്നാണ് ടി. ഒ സൂരജ് ഹൈക്കോടതിയെ അറിയിച്ചത്. ജാമ്യാപേക്ഷ ഹൈക്കോടതി 24ന് വീണ്ടും പരിഗണിക്കും.