LiveTV

Live

Kerala

പാലാരിവട്ടം പാലം അഴിമതി: മുന്‍ മന്ത്രി ഇബ്രാഹിംകുഞ്ഞിനും പങ്കെന്ന് ടി.ഒ സൂരജ്  

കരാറിന് വിരുദ്ധമായി എട്ട് കോടി ഇരുപത്തിയഞ്ച് ലക്ഷം രൂപ കരാറുകാരന് നല്‍കി. വിജിലന്‍സ് ആരോപിക്കുന്ന കുറ്റം ചെയ്യാന്‍ രേഖാമൂലം ഉത്തരവിട്ടത് ഇബ്രാഹിംകുഞ്ഞാണെന്നും ജാമ്യാപേക്ഷയില്‍ ടി.ഒ സൂരജ് ആരോപിച്ചു.

 പാലാരിവട്ടം പാലം അഴിമതി: മുന്‍ മന്ത്രി ഇബ്രാഹിംകുഞ്ഞിനും പങ്കെന്ന് ടി.ഒ സൂരജ്  

പാലാരിവട്ടം മേല്‍പാലം അഴിമതിയില്‍ മുൻ പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിനെതിരെ മുൻ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജ് ഹൈക്കോടതിയില്‍. കരാർ വ്യവസ്ഥയിൽ ഇളവ് ചെയ്യാനും എട്ടേകാല്‍ കോടി രൂപ പലിശയില്ലാതെ മുന്‍കൂര്‍ നല്‍കാനും ഉത്തരവിട്ടത് അന്നത്തെ മന്ത്രിയായ ഇബ്രാഹിംകുഞ്ഞാണെന്ന് ടി.ഒ സൂരജ് ഹൈക്കോടതിയെ അറിയിച്ചു. കേസില്‍ ജയിലില്‍ കഴിയുന്ന സൂരജ് നല്‍കിയ ജാമ്യാപേക്ഷയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ടി.ഒ സൂരജ് പാലാരിവട്ടം അഴിമതി കേസില്‍ 19 ദിവസമായി റിമാന്റിലാണ്. മൂവാറ്റുപുഴ വിജിലന്‍സ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹരജിയിലാണ് മുൻ പൊതുമരാമത്ത് മന്ത്രിക്കെതിരെ രൂക്ഷമായ ആരോപണം ഉന്നയിച്ചത്. അഴിമതിയില്‍ തനിക്ക് പങ്കില്ലെന്നും വിജിലൻസ് ആരോപിക്കുന്ന കുറ്റങ്ങൾ ചെയ്യാൻ ഉത്തരവിട്ടത് അന്നത്തെ മന്ത്രിയായ വി.കെ ഇബ്രാഹിം കുഞ്ഞാണെന്നുമാണ് ജാമ്യാപേക്ഷയില്‍ പറയുന്നത്.

എട്ട് കോടി 25 ലക്ഷം രൂപ ആർ.ഡി.എസ് കമ്പനിക്ക് കരാറിന് വിരുദ്ധമായി നൽകിയിട്ടുണ്ട്. എന്നാല്‍ അതില്‍ അന്തിമ തീരുമാനം തന്റേതായിരുന്നില്ല. പണം കമ്പനിക്ക് നൽകാൻ രേഖാമൂലം ഉത്തരവിട്ട് ഇബ്രാഹിം കുഞ്ഞാണ്. എന്നാല്‍ പലിശ ഈടാക്കാനുള്ള നിർദ്ദേശം ഈ ഉത്തരവിലുണ്ടായില്ല. താനാണ് ഏഴ് ശതമാനം പലിശ ഈടാക്കാൻ ഉത്തരവിൽ എഴുതിയതെന്നും ടി.ഒ സൂരജ് നല്‍കിയ ഹരജിയില്‍ പറയുന്നു. പലിശ കുറച്ച് കരാറുകാരന് മുൻകൂർ പണം നൽകിയതിനാണ് തനിക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തത്. ഇക്കാര്യത്തില്‍ താന്‍ നിരപരാധിയാണ്. മന്ത്രിയുടെ ഉത്തരവ് പാലിക്കുകയാണുണ്ടായതെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു. ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കും.