LiveTV

Live

Kerala

മലപ്പുറം ഓമാനൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടു പോയെന്ന് ആരോപിച്ച് രണ്ട് പേരെ മര്‍ദിച്ച സംഭവത്തില്‍ വധശ്രമത്തിന് കേസ് 

ഇരുവരും ഗുരുതര പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

മലപ്പുറം ഓമാനൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടു പോയെന്ന് ആരോപിച്ച് രണ്ട് പേരെ മര്‍ദിച്ച സംഭവത്തില്‍ വധശ്രമത്തിന് കേസ് 

മലപ്പുറം ഓമാനൂരിൽ വിദ്യാർഥിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന വ്യാജ ആരോപണവുമായി ആൾക്കൂട്ടം യുവാക്കളെ ആക്രമിച്ച സംഭവത്തിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. വധശ്രമമുൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചെന്ന്‌ വിദ്യാർഥി കള്ളം പറഞ്ഞതാണെന്ന് പോലീസും വ്യക്തമാക്കി. ഇന്നലെ വൈകുന്നേരമാണ് വാഴക്കാട് ഒമാനൂരിൽ വിദ്യാർഥിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന ആരോപണത്തിൽ യുവാക്കൾക്കെതിരെ മർദ്ദനം ഉണ്ടായത്.

ഗുരുതര പരിക്കുകളോടെ കൊണ്ടോട്ടി സ്വദേശി സഫറുള്ള, വാഴക്കാട് സ്വദേശി റഹ്മത്ത് എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന് കുട്ടി കള്ളം പറഞ്ഞതാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. അക്രമത്തിൽ നേരിട്ട് പങ്കെടുത്ത മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഓമാനൂർ സ്വദേശികളായ കണ്ണൻ തൊടി ഫൈസൽ, കുന്നുമ്മൽ ദുൽഫുഖർ അലി, മണിപ്പാട്ടിൽ മുഅതസ്ഖാൻ എന്നിവരാണ് അറസ്റ്റിലായത്.

കണ്ടാലറിയാവുന്ന നാൽപതോളം പേർക്കെതിരെ പോലീസ് നേരത്തെ വധശ്രമത്തിന് കേസെടുത്തിരുന്നു. പോലീസിന്‍റെ കൃത്യനിർവ്വഹണം തടസപെടുത്തൽ ഉൾപ്പടെയുള്ള വകുപ്പുകളും ചുമത്തിയിട്ടുണ്ട്. കുട്ടി ചൂണ്ടിക്കാണിച്ചത് പ്രകാരമാണ് ആൾക്കൂട്ടം തങ്ങളെ മർദ്ദിച്ചവശരാക്കിയതെന്ന് യുവാക്കൾ പറഞ്ഞു. സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നതും പോലീസ് പകർത്തിയതുമായ ദൃശ്യങ്ങൾ നോക്കി, യുവാക്കളെ പിന്തുടർന്ന വാഹനങ്ങളേയും അക്രമിളേയും മുഴുവൻ പിടികൂടാനാണ് പോലീസ് ശ്രമം.