LiveTV

Live

Kerala

‘കശ്മീരിനെ പാക്കിസ്ഥാന്റെ ഭാഗമാക്കി ഇന്ത്യയുടെ ഭൂപടം’; ജന്മഭൂമി പത്രം മാപ്പ് പറഞ്ഞു

‘കശ്മീരിനെ പാക്കിസ്ഥാന്റെ ഭാഗമാക്കി ഇന്ത്യയുടെ ഭൂപടം’; ജന്മഭൂമി പത്രം മാപ്പ് പറഞ്ഞു

കശ്മീരിനെ പാക്കിസ്ഥാന്റെ ഭാഗമാക്കി ഇന്ത്യയുടെ ഭൂപടം പ്രസിദ്ധീകരിച്ച ജന്മഭൂമി പത്രം മാപ്പ് പറഞ്ഞു. സെപ്റ്റംബര്‍ 13-ാം തിയതിയിലെ എഡിറ്റോറിയൽ പേജില്‍ അരവിന്ദ് പുന്നപ്ര എഴുതിയ ‘അഫ്ഗാനിലെ ഇന്ത്യന്‍ പ്രതീക്ഷകള്‍’ എന്ന ലേഖനത്തോടൊപ്പം ജന്മഭൂമി ചേര്‍ത്ത ഇന്ത്യന്‍ ഭൂപടത്തിലാണ് കശ്മീരിനെ പാക്കിസ്ഥാന് നല്‍കി പ്രസിദ്ധീകരിച്ചത്. പാക്ക് അധിനിവേശ കശ്മീരാണ് ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള പത്രം ഭൂപടത്തില്‍ തെറ്റായി നല്‍കിയത്. സംഭവം സാമൂഹിക മാധ്യമങ്ങളിലും പാര്‍ട്ടി ഗ്രൂപ്പുകളിലും വിവാദമായ പശ്ചാത്തലത്തിലാണ് പത്രം ഖേദ പ്രകടനവുമായി രംഗത്തുവന്നത്. അതെ സമയം വിവാദമായ ഭൂപടം ഇപ്പോഴും പത്രത്തിന്റെ ഓണ്‍ലൈന്‍ എഡിഷനുകളില്‍ ലഭ്യമാണ്.

‘കശ്മീരിനെ പാക്കിസ്ഥാന്റെ ഭാഗമാക്കി ഇന്ത്യയുടെ ഭൂപടം’; ജന്മഭൂമി പത്രം മാപ്പ് പറഞ്ഞു

അത്യന്തം ഗൌരവകരമായ സംഭവത്തില്‍ വലിയ വിമര്‍ശനം ഉയര്‍ന്നതോടെയാണ് ശനിയാഴ്ച പത്രാധിപര്‍ നിലപാട് പേജിലൂടെ മാപ്പ് പറഞ്ഞ് രംഗത്തുവന്നത്. ആര്‍.എസ്.എസ് നേതാവും വി. മുരളീധരന്‍ സംസ്ഥാന പ്രസിഡന്റായിരുന്ന കാലത്ത് ബി.ജെ.പി സംഘടന ജനറല്‍ സെക്രട്ടറിയുമായിരുന്ന കെ.ആര്‍ ഉമാകാന്തനാണ് ജന്മഭൂമി പത്രത്തിന്റെ മാനേജിങ് എഡിറ്റര്‍. സംഘ്പരിവാരിലെ ഗ്രൂപ്പ് പോരാണ് പിഴവ് പുറത്ത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചതെന്നും വിലയിരുത്തലുണ്ട്.

ഉമാകാന്തിനോട് എതിര്‍പ്പുള്ള വിഭാഗം അതെ സമയം പിഴവിനെതിരെ രൂക്ഷ പ്രതികരണമാണ് നടത്തിയിട്ടുള്ളത്. കേവലമൊരു കൈപ്പിഴയായി കാണാന്‍ കഴിയില്ലെന്നും ഉത്തരവാദപ്പെട്ടവര്‍ക്ക് പിഴവില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ സാധിക്കില്ലെന്നും ഇവര്‍ പറയുന്നു. പാക് അധിനിവേശ കശ്മീരിനെ തിരിച്ച് പിടിച്ച് ഇന്ത്യയുടെ ഭാഗമാക്കുകയാണ് മോദി സര്‍ക്കാരിന്റെ അടുത്ത ലക്ഷ്യം എന്ന് കേന്ദ്രമന്ത്രിമാര്‍ പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് ബി.ജെ.പി മുഖപത്രത്തിന് പിഴവ് സംഭവിച്ചത്. അതേസമയം ഇന്ത്യയുടെ ഭൂപടത്തെക്കുറിച്ച് അടിസ്ഥാനവിവരം പോലുമില്ലാത്തവരാണോ പത്രത്തിന്റെ എഡിറ്റോറിയല്‍ കൈകാര്യം ചെയ്യുന്നതെന്ന വിമര്‍ശനവും സംഘ്പരിവാര്‍ കേന്ദ്രങ്ങളില്‍ നിന്നും ഉയരുന്നുണ്ട്.

‘കശ്മീരിനെ പാക്കിസ്ഥാന്റെ ഭാഗമാക്കി ഇന്ത്യയുടെ ഭൂപടം’; ജന്മഭൂമി പത്രം മാപ്പ് പറഞ്ഞു

‘സംഭവിച്ച പിഴവില്‍ നിര്‍വ്യാജം ഖേദിക്കുന്നു, പാക് അധിനിവേശ കശ്മീരില്ലാത്ത ഭൂപടം ചേര്‍ക്കാനിടയായത് മനഃപൂര്‍വമല്ലാത്ത തെറ്റാണ്’- എന്നാണ് പത്രാധിപര്‍ ശനിയാഴ്ച്ച പത്രത്തില്‍ നല്‍കിയ വിശദീകരണത്തില്‍ പറയുന്നത്. പത്രത്തിനെതിരെ നിരവധി പേരാണ് ഇപ്പോഴും സാമൂഹിക മാധ്യമങ്ങളിലൂടെ വിമര്‍ശനമുന്നയിക്കുന്നത്.