LiveTV

Live

Kerala

സ്വകാര്യ ബസുകളുടെ മത്സര ഓട്ടം; അപകടത്തില്‍ വിദ്യാര്‍ഥിക്ക് പരിക്ക്

കാല്‍മുട്ടിന് താഴെ ചതഞ്ഞുപോയ കുട്ടിയെ കോഴിക്കോട് മെ‍ഡിക്കല്‍ കോളേജില്‍ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കി.

സ്വകാര്യ ബസുകളുടെ മത്സര ഓട്ടം; അപകടത്തില്‍ വിദ്യാര്‍ഥിക്ക് പരിക്ക്

കോഴിക്കോട് സ്വകാര്യ ബസ്സുകളുടെ മത്സര ഓട്ടത്തില്‍ വിദ്യാര്‍ഥിക്ക് പരിക്ക്. കോഴിക്കോട് ബാലുശ്ശേരി റൂട്ടിലെ നെന്മണ്ടയിലുണ്ടായ അപകടത്തില്‍ ഒന‍പതാം ക്ലാസുകാരിയുടെ കാലിന് പരിക്കേറ്റു.

കോഴിക്കോട് ബാലുശ്ശേരി റോഡിലെ നന്മണ്ട 12ല്‍ തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. നന്മണ്ട 14 ഇല്ലത്ത് വടക്കേയിലെ ദിലീപ് കുമാറിന്‍റെ മകള്‍ നേഹയ്ക്കാണ് പരിക്കേറ്റത്. സ്കൂള്‍ വിട്ട ശേഷം ബസ്സില്‍ കയറാന്‍ വിദ്യാര്‍ഥികള്‍ വരിനിന്നതാണ്. എന്നാല്‍ കുട്ടികള്‍ ബസ്സില്‍ കയറാതിരിക്കാന്‍ യുനൈറ്റഡ‍് ബസ്സ് നടുറോഡിലാണ് നിര്‍ത്തിയതെന്ന് നാട്ടുകാര്‍ പറയുന്നു.

കുട്ടികള്‍ ബസ്സിനടുത്തേക്ക് കൂട്ടമായി ഓടി അടുത്തു. അതിനിടയില്‍ യുനൈറ്റഡ് മുന്നോട്ടെടുത്തതോടെ നേഹ ബസ്സിനടിയില്‍ പെടുകയായിരുന്നു. കാല്‍മുട്ടിന് താഴെ ചതഞ്ഞുപോയ നേഹയെ കോഴിക്കോട് മെ‍ഡിക്കല്‍ കോളേജില്‍ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കി.

ഇത് വഴിയുള്ള സ്വകാര്യ ബസ്സുകള്‍ വിദ്യാര്‍ഥികളെ കയറ്റാറില്ലെന്നും ഇത് സംബന്ധിച്ച് നേരത്തെ തന്നെ പരാതിയുണ്ടായിരുന്നതായും അധ്യാപകര്‍ പറയുന്നു. സ്കൂള്‍ സമയങ്ങളില്‍ നന്മണ്ട 12ല്‍ പൊലീസിന്‍റെ സേവനം അനുവദിക്കണമെന്നാണ് നാട്ടുകാരുടെയും അധ്യാപകരുടെയും ആവശ്യം.