LiveTV

Live

Kerala

നടിയെ ആക്രമിച്ച കേസ്: ദിലീപിനെതിരെ സർക്കാർ സുപ്രിംകോടതിയില്‍

രേഖയാണെങ്കിലും ദൃശ്യങ്ങൾ കൈമാറുന്നത് ഇരയുടെ സ്വകാര്യതക്ക് മേലുള്ള കൈകടത്തലാണെന്ന് സർക്കാർ വാദിച്ചു

നടിയെ ആക്രമിച്ച കേസ്: ദിലീപിനെതിരെ സർക്കാർ സുപ്രിംകോടതിയില്‍

നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡിലെ ദൃശ്യങ്ങൾ രേഖയാണെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതയിൽ. രേഖയാണെങ്കിലും ദൃശ്യങ്ങൾ കൈമാറുന്നത് ഇരയുടെ സ്വകാര്യതക്ക് മേലുള്ള കൈകടത്തലാണെന്ന് സർക്കാർ വാദിച്ചു. രേഖ ലഭിക്കേണ്ടത് തന്‍റെ അവകാശമാണെന്ന് കാണിച്ച് ദിലീപ് സമർപ്പിച്ച ഹരജിയില്‍ വിധി പറയുന്നത് കോടതി മാറ്റി. നടിയെ ആക്രമിച്ച കേസിൽ സമർപ്പിക്കപ്പെട്ട മെമ്മറി കാർഡ് തൊണ്ടിമുതലാണ്. അതേസമയം അതിലടങ്ങിയ ദൃശ്യങ്ങൾ രേഖയാണെന്ന് സർക്കാർ കോടതിയെ അറിയിച്ചു. രേഖയായതിനാല്‍ ദൃശ്യങ്ങൾ ലഭിക്കാൻ നിയമപരമായി തനിക്ക് അവകാശമുണ്ടെന്നായിരുന്നു ദിലീപിന്‍റെ വാദം. ഉഭയ സമ്മത പ്രകാരമാണ് ദൃശ്യങ്ങളിലെ ലൈംഗിക പ്രവർത്തനങ്ങൾ.

ഇത് തെളിയിക്കാൻ പകർപ്പ് ആവശ്യമാണ്. ഒപ്പം തന്‍റെ നിരപരാധിത്വവും തെളിയിക്കണമെന്നും കോടതിയില്‍ ദിലീപ് വാദിച്ചു. രേഖയാണെങ്കിലും ദൃശ്യങ്ങൾ കൈമാറുന്നത് ഇരയുടെ സ്വകാര്യതക്ക് മേലുള്ള കൈയ്യേറ്റമാണെന്ന് സംസ്ഥാന സര്‍ക്കാറും നടിയുടെ അഭിഭാഷകനും വാദിച്ചു. അതുകൊണ്ടുതന്നെ ന്യായമായ വിചാരണ പ്രതിക്ക് നല്‍കുന്നത് ഇരയുടെ സ്വകാര്യതയെ മറികടന്നുകൊണ്ടാകരുത്.

പ്രതി ദൃശ്യങ്ങള്‍ ദുരുപയോഗം ചെയ്യും. അതിനാല്‍ ദൃശ്യങ്ങള്‍ കൈമാറരുത്. ഇക്കാര്യത്തിലെ തീരുമാനം വിചാരണക്കോടതിക്ക് വിടണമെന്നും സര്‍ക്കാര്‍ വാദിച്ചു. കേസില്‍ ഇനിയും വാദങ്ങളുണ്ടെങ്കില്‍ എഴുതി നൽകാൻ കക്ഷികൾക്ക് ഒരാഴ്ച്ച സമയം അനുവദിച്ച കോടതി ഹരജിയില്‍ വിധി പറയൽ മാറ്റിവെച്ചു.