LiveTV

Live

Kerala

വടക്കാഞ്ചേരി കൌണ്‍സിലര്‍ ജയന്തനെതിരായ പീഡനക്കേസ്: അന്വേഷണം അവസാനിപ്പിച്ചെന്ന് ആഭ്യന്തര വകുപ്പ്

യുവതിയുടെ പരാതി വ്യാജമെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം അവസാനിപ്പിച്ചത്.

വടക്കാഞ്ചേരി കൌണ്‍സിലര്‍ ജയന്തനെതിരായ പീഡനക്കേസ്: അന്വേഷണം അവസാനിപ്പിച്ചെന്ന് ആഭ്യന്തര വകുപ്പ്

വടക്കാഞ്ചേരി പീഡന പരാതിയില്‍ അന്വേഷണം അവസാനിപ്പിച്ചതായി ആഭ്യന്തര വകുപ്പ്. പരാതിക്കാരിയുടെ ആരോപണം വ്യാജമാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞെതായി അനില്‍ അക്കര എം.എല്‍.എക്ക് നല്‍കിയ കത്തില്‍ ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പറയുന്നു. സി.പി.എം യുവനേതാവ് ഉള്‍പ്പെടെ നാല് പേര്‍ ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതി.

2016 ഓഗസ്റ്റ് 14നാണ് വടക്കാഞ്ചേരി സ്വദേശിയായ യുവതി തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് കാട്ടി തൃശൂര്‍ മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യാത്തതിനെ തുടര്‍ന്ന് രണ്ട് വര്‍ഷത്തിന് ശേഷം തിരുവനന്തപുരത്ത് വെച്ച് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയോടൊപ്പം യുവതി വാര്‍ത്താസമ്മേളനം നടത്തി. നിയമസഭയിലുള്‍പ്പെടെ ആരോപണം വലിയ ബഹളത്തിനിടയാക്കി.

തുടര്‍ന്ന് വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥയായ പൂങ്കുഴലിക്ക് ആഭ്യന്തര വകുപ്പ് അന്വേഷണ ചുമതല നല്‍കി. പ്രതികളെ നുണ പരിശോധനക്കുള്‍പ്പെടെ അന്വേഷണ സംഘം വിധേയമാക്കിയെങ്കിലും പരാതിക്ക് ആധാരമായ കാര്യങ്ങള്‍ കണ്ടെത്താനായില്ല. അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍ ഇങ്ങനെ-

ഒന്നാം പ്രതി ജയന്തന് കടം കൊടുത്ത പണം തിരിച്ചു കിട്ടാത്തതിന്റെയും പരാതിക്കാരിയുടെ ഭര്‍ത്താവിനെ പ്രതികള്‍ മര്‍ദ്ദിച്ചതിന്റെയും പ്രതികാരമായി കെട്ടിച്ചമച്ച പരാതിയാണിത്. സംസ്ഥാന പോലീസ് മേധാവി ഇക്കാര്യം ചൂണ്ടിക്കാട്ടി ആഭ്യന്തര വകുപ്പിന് റിപ്പോര്‍ട്ട് നല്‍കിയതായി ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അനില്‍ അക്കരക്ക് നല്‍കിയ കത്തില്‍ പറയുന്നു.

അന്വേഷണം പ്രഹസനമായിരുന്നെന്ന് അനിൽ അക്കര എം.എൽ.എ ആരോപിച്ചു. പരാതിക്കാര്‍ കേസന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് കാണിച്ച് നേരത്തെ അന്വേഷണ സംഘം കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.