LiveTV

Live

Kerala

പി.എസ്.സി പരീക്ഷ മലയാളത്തില്‍ കൂടി നടത്താന്‍ തത്വത്തില്‍ അംഗീകാരമായതാണെന്ന് ചെയര്‍മാന്‍

ഇതിന്റെ പ്രായോഗിക വശങ്ങള്‍ പരിശോധിക്കാന്‍ ഒരു സമിതിയെ നിയോഗിക്കും

പി.എസ്.സി പരീക്ഷ മലയാളത്തില്‍ കൂടി നടത്താന്‍ തത്വത്തില്‍ അംഗീകാരമായതാണെന്ന് ചെയര്‍മാന്‍

എല്ലാ ചോദ്യക്കടലാസുകളും മലയാളത്തിലും ലഭ്യമാക്കണമെന്ന ആവശ്യം പി.എസ്.സി തത്വത്തില്‍ അംഗീകരിച്ചു. മുഖ്യമന്ത്രിയും പി.എസ്.സി ചെയര്‍മാനും തമ്മിലെ ചര്‍ച്ചയിലാണ് തീരുമാനം. പ്രായോഗിക തടസങ്ങള്‍ നീക്കാന്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരുടെ സമിതിയെ നിയോഗിക്കും.

കെ.എ.എസ് ഉള്‍പ്പെടെ ബിരുദം യോഗ്യതയായിട്ടുള്ള പി.എസ്.സി പരീക്ഷകളും മലയാളത്തില്‍ എഴുതാന്‍ അവസരമൊരുക്കണമെന്ന ആവശ്യമാണ് കമ്മീഷന്‍ ഒടുവില്‍ അംഗീകരിച്ചത്. ആവശ്യമുന്നയിച്ച് പി.എസ്.സി ആസ്ഥാനത്തിന് മുന്നില്‍ ഐക്യമലയാളപ്രസ്ഥാനത്തിന്റെ സമരം 19ാം ദിവസത്തിലേക്ക് കടന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി പി.എസ്.സി ചെയര്‍മാനുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു.

ശാസ്ത്ര, സാങ്കേതിക വിഷയങ്ങളിലെ ചോദ്യങ്ങള്‍ മലയാളത്തില്‍ തയ്യാറാക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ട് ചെയര്‍മാന്‍ മുഖ്യമന്ത്രിയെ അറിയിച്ചു. അത് പരിഹരിക്കാനാണ് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍മാരും വിവിധ വിഷയങ്ങളിലെ അധ്യാപകരുമടങ്ങുന്ന ഉന്നതതല സമിതി. തീരുമാനം ഐക്യമലയാള പ്രസ്ഥാനം സ്വാഗതം ചെയ്തു. സമരസമിതി ചേര്‍ന്ന് ഭാവി പരിപാടികള്‍ തീരുമാനിക്കും.